യുവ്‌രാജ് സിങ് 2011 ഏകദിന ലോകകപ്പില്‍ Source: X
CRICKET

2011 ലോകകപ്പ് ടീമില്‍ യുവി ഉണ്ടാകുമായിരുന്നില്ല, അന്ന് ധോണിയുടെ ആഗ്രഹം...; വെളിപ്പെടുത്തി മുന്‍ കോച്ച്

15 കളിക്കാരെ ചുറ്റിപ്പറ്റിയാണ് സെലക്ടർമാരുടെ ചർച്ചകള്‍ പുരോഗമിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ 2011 ലോകകപ്പ് ടീമില്‍‌ യുവ്‌രാജ് സിങ് ഉണ്ടാകുമായിരുന്നില്ല എന്ന് കേട്ടാല്‍ ക്രിക്കറ്റ് ആരാധകർക്ക് വിശ്വസിക്കാന്‍ പ്രയാസമാകും. എന്നാല്‍ സത്യമതാണെന്നാണ് ഇന്ത്യയുടെ മുന്‍ കോച്ച് ഗാരി കിർസ്റ്റണ്‍ പറയുന്നത്. ടൂർണമെന്റിൽ പ്ലെയർ ഓഫ് ദി സീരീസായി മാറിയ യുവ്‌രാജ് ടീമിലുണ്ടാകുമെന്ന് ഒരു ഉറപ്പില്ലായിരുന്നു. അവസാന നിമിഷമാണ് ആ തീരുമാനം മാറിയത്.

അത്രമെച്ചപ്പെട്ട ഫോമിലായിരുന്നില്ല 2010ല്‍ യുവ്‌രാജ് സിങ്. എന്നാല്‍ 2011ല്‍ ലോകകപ്പ് ടീമില്‍ ഇടം നേടിയ ഓള്‍ റൗണ്ടർ മികച്ച പ്രകടനം കൊണ്ട് ആരാധകരുടെയും ടീം മാനേജ്മെന്റിന്റെയും വിശ്വാസ്യത തിരിച്ചുപിടിക്കുകയായിരുന്നു. ടൂർണമെന്റിൽ 362 റൺസ് നേടിയ യുവ്‌രാജ് 15 വിക്കറ്റുകളും സ്വന്തമാക്കി.

യുവ്‌രാജിനെ ടീമിലെടുത്തതിന് ദൈവത്തിന് നന്ദി പറയുകയാണ് മുന്‍ ഇന്ത്യന്‍ കോച്ച് ഗാരി കിർസ്റ്റണ്‍. 15 കളിക്കാരെ ചുറ്റിപ്പറ്റിയാണ് സെലക്ടർമാരുടെ ചർച്ചകള്‍ പുരോഗമിച്ചതെന്ന് കിർസ്റ്റണ്‍ റെഡിഫിനോട് പറഞ്ഞു. താനും അന്നത്തെ ഇന്ത്യന്‍ നായകന്‍ ധോണിയും യുവ്‍രാജിനെ ടീമില്‍ ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നതായും കിർസ്റ്റൺ വെളിപ്പെടുത്തി.

"എനിക്ക് യുവ്‌രാജിനെ എപ്പോഴും വളരെ ഇഷ്ടമായിരുന്നു. ഞങ്ങൾക്കിടയില്‍ അത്തരത്തിലൊരു മികച്ച ബന്ധമുണ്ടായിരുന്നു. അദ്ദേഹം ചിലപ്പോൾ എന്നെ നിരാശനാക്കും. എന്നിട്ടും പക്ഷേ ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു. യുവ്‍രാജ് നല്ല മനുഷ്യനായിരുന്നു. അദ്ദേഹം എപ്പോഴും റൺസ് നേടണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണാന്‍ തന്നെ അതിശയകരമാണ്," കിർസ്റ്റണ്‍ കൂട്ടിച്ചേർത്തു.

ലോകകപ്പിനായി തയ്യാറെടുക്കുന്നതിനായി യുവി സ്വയം ചില തീരുമാനങ്ങള്‍ എടുത്തിരുന്നതായും ഗാരി കിർസ്റ്റണ്‍ പറഞ്ഞു. യുവ്‍രാജിനെ മികച്ച ഫോമില്‍ കളിക്കുവാന്‍ പ്രാപ്തനാക്കിയ അന്നത്തെ മെന്റല്‍ കണ്ടീഷനിങ് ആന്‍ഡ് സ്ട്രാറ്റർജിക് കോച്ച് പാഡി ആപ്ടണെയും ഗാരി ഓർമിച്ചു.

എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഫൈനല്‍ പോരാട്ടത്തിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് 28 വർഷത്തിനുശേഷം ലോകകപ്പ് ഉയർത്തിയത്.

SCROLL FOR NEXT