ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കപ്പിത്താനായ പറങ്കിപ്പടയെ സംബന്ധിച്ചിടത്തോളം 2016ലെ യൂറോ കപ്പ് ജേതാക്കളായതാണ് സമീപകാലത്ത് അവരുടെ മികച്ച നേട്ടം. യൂസേബിയോയുടെയും ലൂയിസ് ഫിഗോയുടെയും യുഗാവസാനത്തോടെ, പോർച്ചുഗീസ് ഫുട്ബോളിൽ അനിതര സാധാരണമായ ആരാധക പിന്തുണയും പോരാട്ടവീര്യവും പകർന്നേകിയ വീരേതിഹാസങ്ങളിലെ ചരിത്രപുരുഷനാണ് 39കാരനായ ക്രിസ്റ്റ്യാനോ.
അയാൾക്ക് എക്സ്ട്രാ ടൈമിൽ നിർണായകമായൊരു പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റാനായില്ലെന്ന വസ്തുത നിലനിൽക്കെ തന്നെ, സംഭവിച്ചത് സ്പോർട്സിൽ എപ്പോഴും സംഭവിക്കാവുന്നൊരു ഹ്യൂമൻ എറർ മാത്രമാണെന്നതാണ് ഒരു യാഥാർത്ഥ്യം. അതേസമയം, കഴിഞ്ഞ 24 കൊല്ലത്തിനിടയിൽ ഇതാദ്യമായി യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയെത്തിയ സ്ലൊവേനിയയോട് ഗോൾ നേടാൻ കഴിഞ്ഞില്ലെന്നത് പോർച്ചുഗലിന്റെ ആക്രമണനിരയുടെ മൂർച്ച പോരെന്നതിനുള്ള തെളിവാണ്. അതിനിടയിൽ നായകൻ പെനാൽറ്റി പാഴാക്കിക്കളഞ്ഞത് അവർക്ക് വലിയ തിരിച്ചടിയായിരുന്നു.
എക്സ്ട്രാ ടൈമിൽ പെനാൽറ്റി പാഴാക്കിയെങ്കിലും ഷൂട്ടൗട്ടിലെ ആദ്യ കിക്ക് തന്നെ വലയിലെത്തിച്ച് ക്രിസ്റ്റ്യാനോ ടീമിന് ഊർജ്ജം പകർന്നിരുന്നു. താരത്തിന്റെ മനോധൈര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പിന്തുണയറിയിച്ചത്. ബിബിസി പോർച്ചുഗീസ് നായകനെതിരെ നടത്തിയ അധിക്ഷേപ പരാമർശം വലിയ വിവാദമായിരുന്നു. ഏറ്റവുമൊടുവിൽ താൻ കരഞ്ഞത് എന്തിനാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പർ താരം.
"ശക്തരായ ആളുകൾക്ക് പോലും അവരുടേതായ മോശം ദിവസങ്ങളുണ്ട്. ടീമിനേറ്റവും ആവശ്യമുള്ളപ്പോൾ ഞാൻ മാനസികമായി തകർന്ന നിലയിലായിരുന്നു. ആദ്യം സങ്കടം തോന്നിയെങ്കിലും, ഇപ്പോൾ സന്തോഷമുണ്ട്. ഫുട്ബോൾ ചിലപ്പോൾ അങനെയാണ്. വിവരണാതീതമായ നിമിഷങ്ങളത് സമ്മാനിക്കും," റൊണാൾഡോ പറഞ്ഞു.
"ഇക്കൊല്ലം ഇതുവരേയ്ക്കും ഒരു പിഴവും എനിക്ക് സംഭവിച്ചിരുന്നില്ല. എപ്പോഴാണോ ഞാനേറ്റവുമധികം തിളങ്ങേണ്ടിയിരുന്നത്, ഒബ്ലാക്ക് അത് രക്ഷപ്പെടുത്തി. ഈ നിമിഷം ചിന്തിക്കുമ്പോൾ ആ അവസരം ഞാൻ നഷ്ടപ്പെടുത്തി. എന്നാൽ ടീം അവസാനം ജയിച്ചു. ഈ സീസണിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് തവണ എന്റെ ടീം തോറ്റു. മൂന്നാമത്തെ അവസരത്തിൽ ജയിക്കാനായി," റൊണാൾഡോ പറഞ്ഞു.
"ചിലപ്പോൾ ഫുട്ബോൾ അങ്ങനെയാണ്, ഞങ്ങൾക്ക് ക്വാർട്ടർ യോഗ്യത വേണമായിരുന്നു. എന്റെ മികച്ച പ്രകടനം ഈ ജഴ്സിക്കായി ഞാൻ നൽകും. ജയിച്ചാലും തോറ്റാലും ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കണം. സംഭവങ്ങളെ നേരിടാൻ എനിക്ക് മടിയില്ല. ചിലപ്പോൾ കാര്യങ്ങൾ ശരിയായി ചെയ്യാറുണ്ട്, ചിലപ്പോൾ അങ്ങനെയല്ല. പക്ഷേ, പാതിവഴിയിൽ ഉപേക്ഷിച്ചു പോവുകയെന്നത് എന്റെ രീതിയല്ല," റൊണാൾഡോ കൂട്ടിച്ചേർത്തു.