SPORTS

ചാംപ്യന്‍സ് ട്രോഫി: ദുബായിയിലെത്തുമ്പോള്‍ കളി മാറും

രണ്ടാമത് ബാറ്റ് ചെയ്യുന്നവരെയും, ബൗളര്‍മാരെയും പിന്തുണയ്ക്കുന്ന പിച്ചാണ് ദുബായ് സ്റ്റേഡിയത്തിലേത്

Author : ന്യൂസ് ഡെസ്ക്


ഐസിസി ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ആദ്യമത്സരത്തില്‍ പാകിസ്താന്‍ ന്യൂസിലന്‍ഡിനെ നേരിടും. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങളിലേക്കെത്തുമ്പോള്‍ വേദി മാറും. ദുബായ് ആണ് ഇന്ത്യയുടെ വേദി. ഫെബ്രുവരി 20ന് ബംഗ്ലാദേശുമായാണ് ആദ്യ മത്സരം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്നവരെയും, ബൗളര്‍മാരെയും പിന്തുണയ്ക്കുന്ന പിച്ചാണ് ദുബായ് സ്റ്റേഡിയത്തിലേത്.

ഇതുവരെ 58 ഏകദിന മത്സരങ്ങള്‍ക്കാണ് ദുബായ് സ്റ്റേഡിയം വേദിയായിട്ടുള്ളത്. അതില്‍ 34 മത്സരങ്ങളിലും ജയിച്ചത് ചേസിങ് ടീമായിരുന്നു. സമീപകാലത്തായി 15 അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ നടന്നു. അതില്‍ 11 മത്സരങ്ങളില്‍ ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. അതായത് ദുബായിയില്‍ ടോസ് പ്രധാനമാണെന്ന് സാരം. സ്പിന്നര്‍മാരേക്കാള്‍ പേസര്‍മാരെ തുണയ്ക്കുന്നതാണ് ദുബായിയിലെ പിച്ച്. അടുത്തിടെ നടന്ന ടി20 മത്സരങ്ങള്‍ തന്നെ പരിശോധിച്ചാല്‍, 25.80 ശരാശരിയില്‍ 116 വിക്കറ്റുകളാണ് ഫാസ്റ്റ് ബൗളര്‍മാര്‍ സ്വന്തമാക്കിയത്. അതേസമയം, സ്പിന്നര്‍മാര്‍ക്ക് കിട്ടിയത് 54 വിക്കറ്റുകളാണ്, ശരാശരി 29.40.

ഇന്ത്യയുടെ കാര്യം നോക്കിയാല്‍, ടീമില്‍ അഞ്ച് സ്പിന്നര്‍മാരാണുള്ളത്. കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍. മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ എന്നിവര്‍ക്കൊപ്പം ആര്‍ഷ്‌ദീപ് സിങ്ങും ഹര്‍ദിക് പാണ്ഡ്യയും ചേരുന്നതാണ് ഫാസ്റ്റ് ബൗളിങ് നിര. സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ പരിക്കാണ് ഹര്‍ഷിത് റാണയ്ക്ക് അവസരമൊരുക്കിയത്. പിച്ചിന്റെ സ്വഭാവും സമീപകാല ചരിത്രവും കണക്കിലെടുത്ത്, സന്തുലിതമായൊരു ടീമിനെ ഇന്ത്യക്ക് ഇറക്കേണ്ടിവരും.

മൂന്ന് ഗ്രൂപ്പ് മത്സരങ്ങളാണ് ഇന്ത്യ ദുബായിയില്‍ കളിക്കുക. ഫെബ്രുവരി 20ന് ബംഗ്ലാദേശ്, 23ന് പാകിസ്താന്‍, മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡ് എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ജയിച്ചാല്‍ ഒരു സെമി ഫൈനലിനും, അതില്‍ ജയിച്ചാല്‍ ഫൈനലിനും ദുബായ് സ്റ്റേഡിയം വേദിയാകും.


SCROLL FOR NEXT