Source: X post
SPORTS

ഹോങ്കോങ്ങ് സിക്സർ വിജയത്തിന് ശേഷം ദിനേശ് കാർത്തിക്കിനെ കളിയാക്കി പോസ്റ്റിട്ട് പാക് ക്രിക്കറ്റ് താരം; പിന്നാലെ ട്രോൾ പൂരം

ഇന്ത്യൻ താരം ദിനേശ് കാർത്തിക്കിനെ കളിയാക്കി ഷഹ്‌സാദ് ഇട്ട പോസ്റ്റാണ് ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

ഹോങ്കോങ് സിക്സസ് ടൂർണമെൻ്റ് വിജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷഹ്‌സാദ് എക്‌സിൽ പങ്കുവെച്ച പോസ്റ്റാണിപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുന്നത്. ഞായറാഴ്ച നടന്ന മത്സരത്തിലാണ് കുവൈത്തിനെ തോൽപ്പിച്ച് പാകിസ്ഥാൻ കിരീടം നേടിയത്. ഇതിന് ശേഷം ഇന്ത്യൻ താരം ദിനേശ് കാർത്തിക്കിനെ കളിയാക്കി ഷഹ്‌സാദ് ഇട്ട പോസ്റ്റാണ് ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചത്.

ടൂർണമെൻ്റിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്ന കാർത്തിക്, മഴ മൂലം ഉപേക്ഷിച്ച ഒരു മത്സരത്തിൽ പാകിസ്ഥാനെ 2 റൺസിന് തോൽപ്പിച്ചതിന് ശേഷം എക്‌സിൽ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. "ഹോങ്കോങ് സിക്സസിനുള്ള രസകരമായ തുടക്കം. പാകിസ്ഥാനെതിരെ വിജയം" എന്ന ക്യാപ്ഷനോടു കൂടിയായിരുന്നു പോസ്റ്റ്.

എന്നാൽ ടൂർണമെൻ്റിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ജയിക്കാനാവാത്തതിനാൽ സെമി ഫൈനലിലേക്ക് കടക്കാനായില്ല. തുടർന്ന് കിരീടം നേടിയതോടെ ദിനേശ് കാർത്തിക്കിനെ പരിഹസിച്ച് ഷഹ്സാദ് പോസ്റ്റിടുകയായിരുന്നു. "ഹോങ്കോങ് സിക്സസിന് രസകരമായ അന്ത്യം. പതിവുപോലെ" എന്നായിരുന്നു ഷഹ്സാദിൻ്റെ മറുപടി പോസ്റ്റ്. വാചകത്തേക്കാൾ, പാകിസ്ഥാൻ ക്രിക്കറ്റ് താരം പോസ്റ്റിൽ ഉപയോഗിച്ച ഒരു ഹാഷ്‌ടാഗാണ് സോഷ്യൽ മീഡിയയിൽ ആരാധകരെ പ്രകോപിപ്പിച്ചത്. #WeHaveARealTrophy എന്ന ഹാഷ്‌ടാഗാണ് ഷഹ്സാദ് ഉപയോഗിച്ചത്. ഇന്ത്യയ്ക്ക് ഇതുവരെ ഏഷ്യാ കപ്പ് ട്രോഫി ലഭിച്ചിട്ടില്ലാത്തതു കൊണ്ട് ആ പേരിൽ പരിഹാസമായാണ് ഇതിനെ ആരാധകർ കണ്ടത്.

ഇതോടെ കടുത്ത ട്രോളുകളാണ് ഷഹ്സാദിൻ്റെ പോസ്റ്റിന് താഴെ ഇന്ത്യൻ ആരാധകർ ഉയർത്തുന്നത്. '40 വയസുള്ള കമൻ്റേറ്റർമാർക്കെതിരെ ഒരു ടൂർണമെൻ്റ് ജയിച്ച നിങ്ങളുടെ രാജ്യത്തിലെ ഇരുപതുകളുടെ തുടക്കത്തിലുള്ള പ്രധാന ക്രിക്കറ്റ് കളിക്കാർക്ക് അഭിനന്ദനങ്ങൾ' .'കമൻ്റേറ്റർമാരോടും കോച്ചുമാരോടും പരാജയപ്പെട്ട താരങ്ങളല്ലേ', 'ട്രോഫി സൂക്ഷിച്ചോളൂ, പാവങ്ങൾക്ക് എന്തെങ്കിലും ഒരു സന്തോഷം വേണ്ടേ', ' ഹോങ്കോങ് സിക്സസും ഐസിസി ടൂർണമെൻ്റ്സും ആയി ഒന്നു റേറ്റ് ചെയ്യാമോ' എന്നിങ്ങനെ ട്രോളുകളുടെ പൂരമാണ് ഷഹ്സാദിൻ്റെ പോസ്റ്റിനടിയിൽ.

2025 ലെ ഏഷ്യാ പ്പ് ഇന്ത്യ നേടിയിരുന്നെങ്കിലും ട്രോഫി ഇതുവരെ ടീമിന് കൈമാറിയിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ തലവനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്‌സിൻ നഖ്‌വിയുടെ കൈകളിൽ നിന്ന് ട്രോഫി വാങ്ങാൻ സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വിസമ്മതിച്ചതിനെ തുടർന്നാണ് ട്രോഫി വാങ്ങാതെ ഇന്ത്യൻ ടീം മടങ്ങിയത്.

SCROLL FOR NEXT