SPORTS

കണക്ക് തീർ‌ത്ത് മെസിപ്പട; മാർട്ടീനസിന്റെ ​ഗോളിൽ ചിലെയെ തകർത്തു

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാനായില്ല

Author : ന്യൂസ് ഡെസ്ക്

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍. ചിലെയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടിയത്. ലൗട്ടാറോ മാര്‍ട്ടിനസാണ് ലക്ഷ്യം കണ്ടത്. 86-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. ഡി മരിയയില്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയത്. 21-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്നുള്ള അല്‍വാരസിന്റെ ഷോട്ട് ബ്രാവോ കൈപ്പിടിയിലൊതുക്കി. കളി മെനയാന്‍ മെസി മധ്യഭാഗത്തേക്കിറങ്ങി കളിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. മറുവശത്ത് ചിലെയ്ക്ക് ഒരു ഓൺ ടാർ​ഗറ്റ് ഷോട്ട് പോലും ഉതിർക്കാൻ സാധിച്ചില്ല. പന്തടക്കത്തിലും പാസിങ്ങിലും അർജന്റീന തന്നെയാണ് മുന്നിട്ടു നിന്നത്. അങ്ങിനെ, ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയില്‍ അര്‍ജന്റീന ഉണര്‍ന്നു കളിച്ചു. ഗോള്‍ കണ്ടെത്താന്‍ നിരനിരയായി ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടു. നിക്കോ ഗോണ്‍സാലസിന്റെ ഷോട്ട് ചിലെയൻ ഗോളി ക്ലോഡിയോ ബ്രാവോ തട്ടിയകറ്റി. മക് അലിസ്റ്ററിന് മികച്ച അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. പിന്നാലെ ലൗട്ടാറോ മാര്‍ട്ടിനസിനേയും ഡിമരിയയേയും സ്‌കലോണി കളത്തിലിറക്കി. ഒടുക്കം അതിന് ഫലമുണ്ടായി. 88-ാം മിനിറ്റില്‍ അര്‍ജന്റീന ലക്ഷ്യം കണ്ടു. മെസി തൊടുത്തുവിട്ട കോർണർ കിക്ക് മാർട്ടീനസ് ​ഗോളാക്കുകയായിരുന്നു. 2016 കോപ അമേരിക്ക ഫൈനലിൽ ചിലെ അർജന്റീനയെ തോൽപ്പിച്ചിരുന്നു. അന്ന് മെസി തന്റെ കരിയർ അവസാനിപ്പിക്കുന്ന തീരുമാനം വരെ എടുത്തു. അതിനുള്ള മധുരപ്രതികാരമായാണ് ആരാധകർ ഈ വിജയത്തെ ആരാധകർ കാണുന്നത്.

SCROLL FOR NEXT