നാലാം യൂറോ കിരീടം ലക്ഷ്യമിട്ടെത്തുന്ന സ്പാനിഷ് പടയെ മെരുക്കാൻ ഇന്നത്തെ ഫൈനലിൽ സൗത്ത്ഗേറ്റിൻ്റെ കുട്ടികൾക്കാവുമോ? ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാകും യൂറോപ്പിൻ്റെ രാജാക്കന്മാരെന്ന് അറിയാൻ. ബെർലിനിലെ ഇന്ന് രാത്രി പന്ത്രണ്ടരയ്ക്കാണ് കലാശപ്പോരാട്ടം. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാവും.
2012ന് ശേഷം യൂറോ കപ്പിൽ മുത്തമിടാൻ സ്പാനിഷ് പടയ്ക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ യൂറോ കപ്പിൽ കളിച്ച ആറ് മത്സരങ്ങളും ജയിച്ച് റെക്കോർഡിൻ്റെ പെരുമയിലാണ് ലാമിൻ യമാലിൻ്റെ സ്പെയിനെത്തുന്നത്. ഡോണരുമയുടെ ഇറ്റലി, മോഡ്രിച്ചിന്‍റെ ക്രോയേഷ്യ, ക്രൂസിന്‍റെ ജർമനി, എംബാപ്പെയുടെ ഫ്രാൻസ് തുടങ്ങിയ വന്മരങ്ങളെയെല്ലാം കടപുഴക്കി വരുന്ന സ്പാനിഷ് കൊടുങ്കാറ്റിനെ തടുക്കാൻ ഹാരി കെയ്നിൻ്റെ ഇംഗ്ലണ്ടിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.
ക്യാപ്റ്റൻ ഹാരി കെയ്നിനൊപ്പം, യുവതുർക്കികളായ ജൂഡ് ബെല്ലിംഗ്ഹാം, ഫിൽ ഫോഡൻ, ബുക്കായോ സാക്ക, ഡെക്ലാൻ റൈസ്, കോബി മൈനോ കൂട്ടാകും. കഴിഞ്ഞ യൂറോ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിയോട് തോറ്റതിൻ്റെ ക്ഷീണം മാറ്റാനുള്ള സുവർണാവസരമാണിത്. 1966ലെ ലോകകപ്പ് നേട്ടത്തിന് ശേഷം ഇംഗ്ലണ്ടിന് ഒരു സുപ്രധാന കിരീടം പോലും നേടാനായിട്ടില്ല.