SPORTS

യൂറോ കപ്പ്; സെർബിയക്കെതിരെ ഒറ്റ ഗോളിൽ ഇംഗ്ലണ്ട് ജയം

റയൽ മാൻഡ്രിഡ് താരം ജൂഡ് ബെല്ലിങ്ങാമാണ് (13') ഇംഗ്ലണ്ടിനായി വിജയ ഗോൾ നേടിയത്.

Author : ന്യൂസ് ഡെസ്ക്

2024 യൂറോ കപ്പിൽ സെർബിയ - ഇംഗ്ലണ്ട് മത്സരം ആരാധകർ തമ്മിലുള്ള കയ്യാങ്കളിയോടെയാണ് ആരംഭിച്ചത്. 7 സെർബിയൻ ആരാധകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ആവേശം കളിക്കളത്തിലെ പോരും മുറുക്കി. ഗോൾ കണ്ടെത്താൻ പാടുപെട്ടെങ്കിലും കളിയുടെ നിയന്ത്രണം ഇംഗ്ലണ്ടിന്‍റെ കാലുകളിലായിരുന്നു. ഒടുവിൽ ഗ്രൂപ്പ് സി മത്സരത്തിൽ 1-0 ന് ഇംഗ്ലണ്ട് കഷ്ടിച്ച് വിജയിച്ചു കയറി. ഇംഗ്ലണ്ടിനായി പതിമൂന്നാം മിനിറ്റിൽ സ്പാനിഷ് ക്ലബ് റയൽ മാൻഡ്രിഡ് താരം ജൂഡ് ബെല്ലിങ്ങാമാണ് ഗോൾ നേടിയത്. സെർബിയൻ ഗോളി റാക്കോവിച്ചിനെ മറികടന്ന ബെല്ലിങ്ങാമിന്‍റെ ഒരു ക്ളോസ് റേഞ്ച് ഹെഡ്ഡറാണ് ലക്ഷ്യം കണ്ടത്.

ആദ്യം മുതൽ ആക്രമിച്ചു കളിക്കുവാനാണ് സെർബിയ ശ്രമിച്ചത്. ക്യാപ്റ്റൻ അലക്സാണ്ടർ മിത്രോവിച്ചിലൂടെ സെർബിയക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും അത് ഗോളായില്ല.കളി തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ട് വരുന്നതിൽ എപ്പോഴും ശ്രദ്ധിക്കുന്ന ഇംഗ്ലണ്ട് ടീം വിങ്ങർമാരിലൂടെ പ്രത്യാക്രമണം നടത്തികൊണ്ടേയിരുന്നു. മധ്യ നിരയിൽ ഡെക്ലാൻ റൈസും അലക്സാണ്ടർ അർനോൾഡും കളി നിയന്ത്രിച്ചു .

ഡിഫെൻഡറായിരുന്ന ട്രെന്‍റ് അലക്സാണ്ടർ അർനോൾഡിനെ മിഡ്‌ ഫീൽഡിൽ കളിപ്പിക്കുവാനുള്ള ഇംഗ്ളീഷ് കൊച്ച് ഗാരത് സൗത്ഗേറ്റിന്‍റെ തീരുമാനം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ലിവർപൂളിനായി താരം ഈ പൊസിഷനിൽ കളിച്ചിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടിനു വേണ്ടി ആദ്യമാണ്. പക്ഷെ ഈ തീരുമാനം ശരിവെയ്ക്കുന്ന തരത്തിലായിരുന്നു അർനോൾഡിന്‍റെ പ്രകടനം. അവസരങ്ങൾ ഒരുക്കാനും മുൻ നിരയുമായി സഹകരിച്ചു കളിക്കുവാനും താരത്തിനു കഴിഞ്ഞു.

രണ്ടാം പകുതിയിൽ 3 സ്ട്രിക്കർമാരുമായി ഇറങ്ങിയ സെർബിയ സമനില ഗോൾ നേടാൻ ശ്രമിച്ചെങ്കിലും, സാധിച്ചില്ല. ഇംഗ്ലീഷ് ഗോൾ കീപ്പർ ജോർഡൻ പിക്ഫോർഡും പ്രതിരോധ നിരയും സെർബിയയുടെ സമനില മോഹത്തിന് വിലങ്ങുതടിയായി. 20ന് നടക്കുന്ന അടുത്ത മത്സരത്തിൽ ഇംഗ്ലണ്ട് ഡെന്മാർകിനെയും സെർബിയ സ്ലൊവേനിയയെയും നേരിടും.

SCROLL FOR NEXT