ബ്യൂണസ് ഐറിസ്: മത്സരത്തിനിടെ പന്ത് തലയിലിടിച്ച് അർജന്റീനയിൽ 18കാരനായ ഫുട്ബോൾ താരം മരിച്ചു. എസെസ ക്ലബ്ബിന്റെ യൂത്ത് ടീമിൽ അംഗമായിരുന്ന അബേൽ നുനെസ് ആണ് മരിച്ചത്. ക്ലബ്ബ് സമൂഹമാധ്യമങ്ങളിലൂടെ താരത്തിന്റെ മരണവിവരം സ്ഥിരീകരിച്ചു.
അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്ലാറ്റ കപ്പിലെ മത്സരത്തിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്.
കഴിഞ്ഞ വ്യാഴാഴ്ച എസെസയും ഡെപോർട്ടീവോ മുനിസും തമ്മിൽ നടന്ന അഞ്ചാം ഡിവിഷൻ യൂത്ത് ടീമുകളുടെ മത്സരത്തിനിടെയാണ് പന്ത് അബേലിന്റെ തലയിൽ പതിച്ചത്. എതിർ താരത്തിന്റെ ക്ലിയറൻസ് ശ്രമത്തിനിടയിൽ പന്ത് തലയിലിടിക്കുകയായിരുന്നു. അത്‌ലറ്റിക്കോ ലാ സോണിയ ക്ലബ്ബിന്റെ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.
യുവതാരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി എസെസ ക്ലബ്ബ് ഹൃദയസ്പർശിയായ കുറിപ്പും പങ്കുവെച്ചു;
"ഇന്ന് ഫുട്ബോളിന് രണ്ടാം സ്ഥാനമാണ്. സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞുനിന്ന, ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്ന പ്രിയപ്പെട്ട സഹതാരത്തെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഞങ്ങൾ. ഈ വേർപാട് ഞങ്ങളെ തളർത്തിയിരിക്കുകയാണ്," ക്ലബ്ബിന്റെ പ്രസ്താവനയിൽ പറയുന്നു.
യുവതാരത്തിന്റെ മരണവാർത്ത ഫുട്ബോൾ ലോകത്ത് വലിയ ദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്പാനിഷ് സെക്കന്റ് ഡിവിഷൻ ലീഗിൽ ഗോളിയുമായി ഇടിച്ചുവീണ് മറ്റൊരു ഫുട്ബോൾ താരത്തിന്റെ മരണവും ഈയടുത്ത് സംഭവിച്ചിരുന്നു.