കൊച്ചി: അർജൻ്റീന ടീമിൻ്റെ കേരള സന്ദർശനത്തിന് മുന്നോടിയായി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിലെത്തി. കലൂർ സ്റ്റേഡിയം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, സ്പോൺസർമാർ എന്നിവരും കബ്രേരക്കൊപ്പമുണ്ടായിരുന്നു.
അർജൻ്റീന ടീം കേരളത്തിൽ വരുമെന്ന് ഉറപ്പായെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ക്രമീകരണങ്ങൾ അർജന്റീന ടീമിന് തൃപ്തികരമെന്നും മന്ത്രി അറിയിച്ചു. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി നവംബർ 15ന് കേരളത്തിലെത്തുമെന്നത് ഉറപ്പാണ്. ക്രമീകരണങ്ങൾ എല്ലാം അർജന്റീന ടീമിന് തൃപ്തികരമാണ്. മത്സര തീയതിയും എതിർ ടീമും മുഖ്യമന്ത്രി പ്രഖ്യാപിക്കും. അർജന്റീന വരും എന്ന കാര്യം ഉറപ്പാണെന്നും മന്ത്രി പ്രതികരിച്ചു.
അർജന്റീന ടീമിനായി കേരളത്തിൽ ഒരുക്കിയ സൗകര്യങ്ങളിൽ പൂർണതൃപ്തനെന്ന് അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര അറിയിച്ചു. നവംബറിൽ ടീം കേരളത്തിൽ എത്തും. സ്റ്റേഡിയവും, എയർപോർട്ടും, ഇമിഗ്രേഷൻ സൗകര്യങ്ങളും, ഹോട്ടൽ റൂമുകളും ഇഷ്ടപ്പെട്ടുവെന്നും ഹെക്ടർ ഡാനിയേൽ കബ്രേര പറഞ്ഞു.