FOOTBALL

ആരാധകർക്ക് വിവാഹം ഇനി സ്റ്റേഡിയത്തിലും ആകാം; സ്വപ്ന സമാനമായ അവസരമൊരുക്കി ആഴ്സനൽ ക്ലബ്ബ്

വിവാഹത്തിൽ പങ്കെടുക്കുന്നവർക്കും കൈ നിറയെ സമ്മാനങ്ങളും പാക്കേജിൽ ഉൾപ്പെടും. ആഴ്സനൽ ലോഗോ പതിപ്പിച്ച പ്രത്യേക സമ്മാനങ്ങളാകും അതിഥികൾക്കായി നൽകുക

Author : ന്യൂസ് ഡെസ്ക്

ക്ലബ്ബ് എന്നാൽ ജീവിതത്തിൻ്റെ ഭാഗമായി കാണുന്ന ആരാധകരാണ് ഫുട്ബോൾ ലോകത്ത് എല്ലാവരും. അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിന് പുതിയ കാഴ്ചയൊരുക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആഴ്സനൽ. ഹോം ഗ്രൗണ്ടായ ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വച്ച് സ്വപ്ന സമാനമായി ഇനി ആരാധകർക്ക് വിവാഹം കഴിക്കാം.

ആവേശഭരിതമായ ലീഗ് മത്സരങ്ങളിൽ ആരാധനയുള്ള ക്ലബ്ബ് വിജയം നേടുമ്പോൾ ആത്മ നിർവൃതി ഉണ്ടാകാറില്ലേ. വൈകാരികമാവാറില്ലേ. ആ സ്റ്റേഡിയത്തിലൊന്ന് ഓടിയെത്താൻ തോന്നാറില്ലേ. എന്നാൽ ഇതേ സന്തോഷത്തോടും വൈകാരികതയോടുമൊപ്പം സ്വന്തം വിവാഹം അതേ സ്റ്റേഡിയത്തിൽ വച്ച് നടത്തിയാലോ. ജീവിതത്തിൽ അത്രയേറെ ആഗ്രഹിച്ച ഒരാളുടെ കൈ ഇഷ്ട ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ വച്ച് പിടിക്കാൻ അവസരമൊരുക്കുകയാണ് ആഴ്സനൽ ക്ലബ്ബ്.

ആഴ്സനലിന്റെ ഹോം ഗ്രൗണ്ടായ ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് ആരാധകർക്ക് വിവാഹം കഴിക്കാനുള്ള പ്രത്യേക പാക്കേജുകൾ ക്ലബ്ബ് അവതരിപ്പിച്ചിരിക്കുന്നത്. വിവാഹം കഴിക്കുന്നവരുടെ താത്പര്യപ്രകാരം ആഴ്സനലിന്റെ മുൻകാല ഇതിഹാസങ്ങളെ വിവാഹത്തിൽ അതിഥിയായി പങ്കെടുപ്പിക്കാനുള്ള അവസരവുമുണ്ട്. ക്ലബ്ബിന്റെ ഔദ്യോഗിക ചിഹ്നമായ ഗണ്ണർസോറസിനെയും വിവാഹത്തിൽ കൊണ്ടുവരാമെന്നതാണ് പ്രത്യേകത. വധൂവരന്മാർക്ക് മാത്രമല്ല,

വിവാഹത്തിൽ പങ്കെടുക്കുന്നവർക്കും കൈ നിറയെ സമ്മാനങ്ങളും പാക്കേജിൽ ഉൾപ്പെടും. ആഴ്സനൽ ലോഗോ പതിപ്പിച്ച പ്രത്യേക സമ്മാനങ്ങളാകും അതിഥികൾക്കായി നൽകുക. ക്ലബ്ബിന്റെ സ്വന്തം കാറ്ററിംഗ് ടീമിന്റെ ഭക്ഷണമാകും സത്ക്കാരത്തിനായി ഒരുക്കുകയെന്ന സവിശേഷതയും ആകർഷണ ഘടകമാണ്. കല്യാണ രാവ് ആഘോഷമാക്കാനായി അത്യുഗ്രൻ ഡിജെ നൈറ്റും ക്ലബ്ബ് ഒരുക്കിത്തരും. അങ്ങനെ കല്യാണം ഗംഭീരമാക്കാനുള്ള പദ്ധതിയാണ് ക്ലബ്ബ് ഒരുക്കുന്നത്.

ക്ലബ്ബിന്റെ പ്രഖ്യാപനത്തോട് സമ്മിശ്ര പ്രതികരണമാണ് ആരാധകർ മുന്നോട്ട്‌വെക്കുന്നത്. കോടിക്കണക്കിന് രൂപ ഈടാക്കുന്ന ഇത്തരം പദ്ധതി വെറും പ്രഹസനമാണെന്ന് ഒരു വിഭാഗത്തിന്റെ വിമർശനം. ക്ലബ്ബിന്റെ വ്യാപാര തന്ത്രത്തെക്കുറിച്ചാണ് മറ്റ് ക്ലബ്ബുകളുടെ ചർച്ച. എന്നാലും ആരാധകരോടുള്ള ആഴ്സനൽ ക്ലബ്ബിന്റെ സ്നേഹം മാത്രം കാണൂ എന്നാണ് ഒരു വിഭാഗം ക്ലബ്ബ് ആരാധകരുടെ മറുപടി.

SCROLL FOR NEXT