ഫിഫ ക്ലബ് ലോകകപ്പിൽ ആരാധകരുടെ മനം കവർന്ന് ന്യൂസിലൻഡ് ക്ലബ് ഓക്‌ലന്‍ഡ് സിറ്റി എഫ്‌സി. ആദ്യ മത്സരത്തിൽ ബയേണ്‍ മ്യൂണിക്കിനോട് 10 ഗോളിന് പരാജയപ്പെട്ടെങ്കിലും ഫാൻ ഫേവറൈറ്റുകളായി മാറിയിരിക്കുകയാണ് ഓക്‌ലന്‍ഡ് ക്ലബും താരങ്ങളും. ബയേണിൻ്റെ ചരിത്ര വിജയത്തിലും ആരാധകരുടെ കൈയ്യടി ഈ ന്യൂസിലൻഡ് ക്ലബ്ബിനാണ്. പരാജയത്തിലും ലഭിക്കുന്ന ഈ പിന്തുണയ്ക്ക് ഒറ്റ കാരണമേയുള്ളൂ- വിയർപ്പിന്റെ വില അറിയുന്നവരാണ് അവരുടെ താരങ്ങള്‍.
ബയേണിനെതിരെ ഓക്‌ലന്‍ഡിന്റെ പൂർണ ടീമായിരുന്നില്ല കളത്തിലിറങ്ങിയത്. ജർമൻ ബുണ്ടസ് ലീഗ് ചാംപ്യന്മാരോടുള്ള ഭയമായിരുന്നില്ല മറിച്ച് താരങ്ങൾക്ക് ജോലി ചെയ്യുന്നിടത്ത് നിന്ന് ആവശ്യമായ അവധി ലഭിക്കാത്തതായിരുന്നു കാരണം. ടീമിലെ എല്ലാ അംഗങ്ങളും പാർട്ട് ടൈം ജോലിക്കാരാണ്. നായകൻ മാരിയോ ഇലിച്ച് സെയിൽസ് മാനാണ്. ഗോൾകീപ്പർ കോണർ ട്രാസി വെറ്ററിനറി വെയർ ഹൗസിലെ ജീവനക്കാരനും. അങ്ങനെ അധ്യാപകരും ബാർബർമാരും ഒപ്പം വിദ്യാർഥികളും ഉള്‍പ്പെടുന്നതാണ് ഓക്‌ലന്‍ഡ് ടീമിലെ മറ്റ് അംഗങ്ങൾ.
ചില താരങ്ങള്‍ കളിക്കാനെത്തിയത് വേതനരഹിത അവധിയെടുത്താണ്. എന്നാൽ മറ്റുചിലർക്ക് ജോലി കാരണം ടൂർണമെന്റിൽ പങ്കെടുക്കാനും സാധിച്ചില്ല. തന്റെ വാർഷിക വരുമാനത്തിനേക്കാൾ കൂടുതൽ പണം ഇംഗ്ലീഷ് ഫുട്ബോളർ ഹാരി കെയ്ൻ ഒറ്റ ആഴ്ച കൊണ്ട് നേടുന്നുവെന്ന ഓക്‌ലന്‍ഡ് മുന്നേറ്റ താരം ആംഗസ് കിൽകോലിയുടെ വാക്കുകളില്‍ തന്നെ കളിക്കാരുടെ അവസ്ഥ വ്യക്തമാണ്.
ആഗോള തലത്തിൽ ഓപ്റ്റ പവർ ക്ലബ് റാങ്കിങ്ങിൽ ഓക്‌ലന്‍ഡ് സിറ്റി 5072-ാം സ്ഥാനത്താണ്. അതായത് കേരള ബ്ലാസ്റ്റേഴ്‌സിനെക്കാൾ പിന്നിൽ. 3681-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
"വിയർപ്പ് തുന്നിയിട്ട കുപ്പായം അതിൻ നിറങ്ങൾ മങ്ങുകില്ല കട്ടായം," എന്ന വേടൻ്റെ വരികൾ ഫുട്ബോൾ ലോകത്ത് ഏറെ ചേരുന്നത് ഓക്‌ലന്‍ഡ് സിറ്റി എഫ്‌സിക്കാണ്. ജോലിക്കൊപ്പം കളിയോടുള്ള അഭിനിവേശം കൊണ്ട് ക്ലബ് ലോകകപ്പ് വരെ എത്തിയ ഇവർ ഒറ്റ മത്സരം കൊണ്ടാണ് ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ചത്.