ലോകകപ്പിന് മുന്നോടിയായുള്ള ഹെവി വെയ്റ്റ് പോരാട്ടത്തിൽ ഫ്രാൻസിന് മുന്നിൽ കാലിടറി വീണ് ആഞ്ചലോട്ടിയുടെ ബ്രസീൽ. കരുത്തരായ ഫ്രാൻസിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട തോറ്റത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഫ്രാൻസ് പത്തു പേരായി ചുരുങ്ങിയിട്ടും ആധിപത്യം സ്ഥാപിക്കാൻ കഴിയാതിരുന്നത് ബ്രസീൽ ഫാൻസിനെ നിരാശരാക്കി.
മത്സരത്തിന്‍റെ 32ാം മിനിറ്റിൽ നായകൻ കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസാണ് ആദ്യം ലീഡെടുത്തത്. ഉസ്മാൻ ഡെംബലെയുടെ പാസിൽ നിന്ന് എഡേഴ്സണെ കാഴ്ചക്കാരനാക്കി എംബാപ്പെ പന്ത് വലയിലെത്തിച്ചു. ഇതോടെ ഫ്രാൻസിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ ഒലിവർ ജിറൂഡിൻ്റെ (57 ഗോൾ) റെക്കോർഡിന് തൊട്ടടുത്തെത്താനും ഫ്രഞ്ച് നായകനായി. 56 ഗോളുകളാണ് എംബാപ്പെ ദേശീയ ടീമിനായി അടിച്ചുകൂട്ടിയത്.
മത്സരത്തിൻ്റെ 55ാം മിനിറ്റിൽ ദയോട്ട് ഉപമെക്കാനോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയിരുന്നു. പത്ത് പേരായി ചുരുങ്ങിയിട്ടും കാനറികൾക്ക് മുന്നിൽ തളരാത്ത ഫ്രഞ്ച് പട 65ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. മൈക്കൽ ഒലീസ് ഒരുക്കിയ അവസരത്തിൽ നിന്ന് ഹ്യൂഗോ എക്കിറ്റികെയാണ് ബ്രസീലിൻ്റെ വല കുലുക്കിയത്. കൗണ്ടർ അറ്റാക്ക് തടയുന്നതിൽ ബ്രസീൽ ഡിഫൻസ് പാടെ പരാജയപ്പെട്ടതാണ് ഈ ഗോളിലേക്ക് നയിച്ചത്.
മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ തിരിച്ചടിക്കാൻ ബ്രസീൽ കിണഞ്ഞു പരിശ്രമിച്ചു. 78ാം മിനിറ്റിൽ ലൂയിസ് ഹെൻറിക്കെയുടെ ക്രോസിൽ നിന്ന് ഗ്ലെയ്സൺ ബ്രെമർ ഒരു ഗോൾ മടക്കി. വിനീഷ്യസ് ജൂനിയറും ഗബ്രിയേൽ മാർട്ടിനെല്ലിയും മുന്നേറ്റത്തിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ സമനില നിഷേധിച്ചു.