ഫുട്ബോളിൽ ചരിത്രംകുറിച്ച് ബ്രസീല്‍ ക്ലബ്ബ് ഫ്‌ളുമിനെന്‍സ് ഗോള്‍കീപ്പര്‍ ഫാബിയോ. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോർഡാണ് ഫാബിയോ സ്വന്തമാക്കിയത്. ക്ലബ് ലോകകപ്പിൽ തിയഗോ സിൽവയുടെ ബ്രസീലിയൻ ക്ലബ്ബ് ഫ്‌ളുമിനെന്‍സിൻ്റെ വിശ്വസ്ത കാവൽ ഭടനായിരുന്നു ഫാബിയോ. ടൂർണമെൻ്റിൽ ഉടനീളം താരം പുറത്ത് എടുത്തത് മികച്ച പ്രകടനം.
ക്ലബ് ലോകകപ്പിൽ രണ്ട് ക്ലീൻ ഷീട്ടുകൾ നേടി ഇതിഹാസഗോൽകീപ്പർ ബുഫണിനെ മറികടന്നു. ഇപ്പോൾ മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടൻ്റെ റെക്കോർഡും തകർത്ത് മുന്നേറുകയാണ് 44കാരനായ ഫാബിയോ.1,391 മത്സരങ്ങള്‍ കളിച്ച് പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ തവണ കളത്തിലിറങ്ങിയ താരമെന്ന റെക്കോർഡാണ് ഫാബിയോ സ്വന്തമാക്കിയത്. പ്രൊഫഷണല്‍ കരിയറില്‍ 28-ാം വര്‍ഷമാണ് താരം ഈ നാഴികകല്ല് പിന്നിടുന്നത്.
യൂണിയോ ബാന്‍ഡെയ്‌റൻ്റെ താരമായി 1997 ലാണ് ഫാബിയോ കരിയർ ആരംഭിച്ചത്. 30 മത്സരങ്ങളിൽ ഫാബിയോ ബാന്‍ഡെയ്‌റൻ്റെ ജേഴ്സി അണിഞ്ഞു. പിന്നീട് വാസ്‌കോഡ ഗാമയിലേക്ക് ചേക്കേറി. അവിടെ 150 മത്സരങ്ങൾ കളിച്ച് ക്രുസെയ്‌റോയിലേക്ക്. 2005 ൽ ക്രുസെയ്‌റോയിലെത്തിയ താരം നീണ്ട 16 വർഷങ്ങളാണ് ക്ലബിനൊപ്പം ചെലവഴിച്ചത്. ഫാബിയോയുടെ ക്യാപ്റ്റൻസിയിൽ ക്രുസെയ്‌റോ രണ്ട് ബ്രസീലിയന്‍ ചാമ്പ്യന്‍ഷിപ്പുകളും രണ്ട് കോപ്പ ഡോ ബ്രസീല്‍ കിരീടങ്ങളും നേടി.
2022ൽ ഫ്ലുമിനെന്‍സിലെത്തിയ താരം 235 മത്സരങ്ങൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുകയാണ്. ഫാബിയോക്കും ഷില്‍ട്ടണും ശേഷം ഫുട്‌ബോളിൽ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 1284 മത്സരങ്ങളാണ് റോണോയുടെ അക്കൗണ്ടിലുള്ളത്.