FOOTBALL

തരക്കേടില്ലാത്ത തുടക്കം; ആഷ്‌ലി വെസ്റ്റ്‌വുഡിന് ബ്ലാസ്റ്റേഴ്സിനെ ഇക്കുറി കിരീടത്തിലേക്ക് നയിക്കാനാകുമോ ?

എവേ ഗ്രൗണ്ടിൽ മോശം സാഹചര്യങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇരു ടീമുകളും ആദ്യ പകുതിയിൽ നന്നേ വിഷമിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇൻ്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയെങ്കിലും ആരാധകരുടെ പ്രതീക്ഷകൾക്കൊത്തുള്ള ആധികാരിക വിജയമായിരുന്നില്ല കൊമ്പന്മാർക്ക് നേടാനായത്. തീർച്ചയായും സീസണിലെ ആദ്യ മത്സരത്തിൽ മൂന്ന് നിർണായക പോയിൻ്റുകൾ സ്വന്തമാക്കാനായി എന്നത് പ്രതീക്ഷയേകുന്ന കാര്യമാണ്. ടീമിൻ്റെ ഓഹരി കൈമാറ്റം വൈകിയതും വിദേശ സൈനിങ്ങുകളുടെ കാര്യത്തിലെ മെല്ലെപ്പോക്കും ടൂർണമെൻ്റിന് തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷിച്ചൊരു തുടക്കമായിരുന്നില്ല സമ്മാനിച്ചത്.

നായകൻ അഡ്രിയാൻ ലൂണയെ പോലും കരയ്ക്കിരുത്തി മലയാളി മധ്യനിര താരം വിബിൻ മോഹനന് താൽക്കാലിക നായകൻ്റെ ബാഡ്ജ് ഏൽപ്പിച്ചാണ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് ഇൻ്റർകാശിയെ നേരിടാനെത്തിയത്. എവേ ഗ്രൗണ്ടിൽ മോശം സാഹചര്യങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇരു ടീമുകളും ആദ്യ പകുതിയിൽ നന്നേ വിഷമിച്ചിരുന്നു. എന്നിരുന്നാലും ക്ലീൻ ഷീറ്റോടെ രണ്ട് ഗോളിൻ്റെ ഏകപക്ഷീയ ജയം നേടിയെന്നത് ബ്ലാസ്റ്റേഴ്സിൻ്റെ തുടക്കം മോശമാക്കിയില്ല എന്ന ഫീലാണ് പൊതുവെ ആരാധകർക്ക് നൽകിയത്.

18ാം മിനിറ്റിൽ കോറുവും ഫ്രെഡിയും ചേർന്ന് റൈറ്റ് ഫ്ലാങ്കിലൂടെ നടത്തിയൊരു മനോഹര നീക്കമാണ് വിബിൻ മോഹനൻ്റെ ആദ്യ ഗോളിലേക്ക് വഴി തുറന്നത്. ഇൻ്റർ കാശിയുടെ പ്രതിരോധനിരയെ വെട്ടിമാറി ബോക്‌സിനുള്ളിലെത്തിയ ശേഷം കോറോ കട്ട് ബാക്ക് ചെയ്ത് നൽകിയ പന്ത് വൺ ടച്ചിലൂടെ ക്യാപ്റ്റൻ വിബിൻ ബോക്സിൻ്റെ മുകളിലേക്ക് തിരിച്ചുവിട്ടു. എതിർ പ്രതിരോധനിരയ്ക്ക് ഒരവസരവും നൽകാതെയുള്ളൊരു അസാധ്യ ഫിനിഷായിരുന്നു ഇത്. മധ്യനിരയിൽ വിബിൻ മോഹനൻ്റേയും ഫ്രെഡിയുടെയും ഒത്തിണക്കമുള്ള പ്രകടനമാണ് മത്സരത്തിൻ്റെ നിയന്ത്രണം പൂർണമായും ബ്ലാസ്റ്റേഴ്‌സിൻ്റെ കൈകളിൽ ഉറപ്പിച്ചത്.

സെൻ്റർ ബാക്ക് ജെയിംസ് ബോള്‍ട്ടൻ്റെ സമർഥമായ ചില നീക്കങ്ങളും ഇൻ്റർകാശി മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. ഇൻ്റർ കാശിയുടെ ഫോർവേഡ് മൻവീർ സിങ്ങിനെ പൂട്ടാൻ ഇംഗ്ലീഷ് താരത്തിനായി. 70-ാം മിനുറ്റില്‍ ആയുഷ് ചികാരയുടെ സോളോ റണ്ണിനെ വൈകിപ്പിച്ച ബോള്‍ട്ടണിൻ്റെ പൊസിഷൻ റണ്ണിങ്ങും ആരാധകരുടെ കയ്യടി നേടി. ടീമിൻ്റെ പൊസഷൻ നഷ്ടപ്പെടാത്ത തരത്തിൽ ലോങ് ക്ലിയറൻസിന് പകരം പന്ത് നിയന്ത്രിച്ചു കൊണ്ടുള്ള നീക്കങ്ങളാണ് താരം നടത്തിയത്. ബോള്‍ട്ടണിന്റെ ഏരിയല്‍ ഡൊമിനൻസ് സ്കില്ലും വരും മത്സരങ്ങളില്‍ നിർണായകമാകും. ബോള്‍ട്ടണും ഹോർമിപാമും ചേർന്ന് ആറ് ക്ലിയറൻസാണ് ആദ്യ മാച്ചിൽ നടത്തിയത്.

ആന്ദ്ര ഗ്രീനിനെ വലിയ പ്രതീക്ഷയോടെയാണ് എത്തിച്ചതെങ്കിലും ഒരു ഗോളിനപ്പുറം മികവ് കാട്ടാൻ താരത്തിനായിരുന്നില്ല. ലെഫ്റ്റ് വിങ്ങിലും സെൻ്റർ ഫോർവേഡായും ഗ്രീനിനെ പരീക്ഷിച്ചെങ്കിലും ഇൻ്റർ കാശിയുടെ പ്രതിരോധത്തെ മറികടക്കാൻ ഇംഗ്ലീഷ് സ്ട്രൈക്കർക്ക് കഴിഞ്ഞില്ല. എന്നാൽ ഒടുക്കം അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയെന്നത് താരത്തിന് അൽപ്പം ആത്മവിശ്വാസമേകും.

രണ്ടാം പകുതിയിൽ മുഖ്യ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് ടീമിൻ്റെ മുന്നേറ്റനിരയിൽ നിർണായക മാറ്റങ്ങൾ വരുത്തി. ഇടവേളയ്ക്ക് ശേഷം മോമോ യാൻസാനെ, പോൾ റാംഫാങ്സൗവ എന്നിവരും, തുടർന്ന് മലയാളി താരം മുഹമ്മദ് സനാൻ, എബിൻദാസ് യേശുദാസ് എന്നിവരും കളത്തിലിറങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങൾക്ക് പുതിയ വേഗത കൈവന്നു.

മറുവശത്ത് സമനില ഗോളിനായി അവസാന നിമിഷം വരെ ഇൻ്റർ കാശി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഉറച്ചുനിന്നതോടെ ടീം ക്ലീൻ ഷീറ്റ് ഉറപ്പിച്ചു. തുടർന്ന് ഇഞ്ചുറി ടൈമിൽ (93-ാം മിനിറ്റിൽ) ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വിജയം പൂർണ്ണമാക്കി, ബോക്സിനുള്ളിൽ നിന്ന് ഇടങ്കാലൻ ഷോട്ടിലൂടെ വലയിലെത്തിച്ച് ആന്ദ്രെ ഗ്രീൻ ടീമിന് 0-2 ന്റെ ആധികാരിക വിജയം സമ്മാനിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് സ്ക്വാഡ്

ഗോൾകീപ്പർമാർ: അമരീന്ദർ സിംഗ്, അർഷ് അൻവർ ഷെയ്ഖ്, അൽ സാബിത്ത്

പ്രതിരോധ നിര: സന്ദീപ് സിംഗ്, ഹോർമിപാം റുയിവ, ജെയിംസ് ബോൾട്ടൺ, ജഗന്നാഥ് ജയൻ, ഐബൻ ഡോഹ്ലിംഗ്, ബികാഷ് യുമനം, ഫാലോ എൻഡിയായെ, നവോച്ച സിംഗ് ഹുയിഡ്രോം, അമേയ് റണവാഡെ, സുമിത് ശർമ്മ

മധ്യനിര: ഫ്രെഡി ലല്ലാവ്മൗമ, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, സാഹിൽ തവോറ, പോൾ റാംഫാങ്സൗവ, നെബോജ്ഷ കൊസോവിച്ച്, ജോയൽ ലാൽറമെങ്മാവിയ, എബിൻദാസ് യേശുദാസൻ

മുന്നേറ്റ നിര: കൊറൗ സിംഗ്, ആന്ദ്രെ ജെയ് ഗ്രീൻ, മുഹമ്മദ് സനാൻ, മുഹമ്മദ് യാസിർ, ശ്രീകുട്ടൻ എം.എസ്, റാംലുൻഛുങ്ങ, മോമോ യാൻസാനെ

SCROLL FOR NEXT