പലസ്തീന്‍ ഫുട്‌ബോള്‍ ഇതിഹാസം സുലൈമാന്‍ അല്‍ ഉബൈദിന്റെ അനുശോചനത്തില്‍ യുവേഫയെ വിമര്‍ശിച്ച് മുഹമ്മദ് സലാ. ഉബൈദിന്റെ മരണ കാരണം വ്യക്തമാക്കാത്ത എക്സ് പോസ്റ്റിനെതിരെയാണ് വിമര്‍ശനം. അദ്ദേഹം എവിടെ വെച്ച് എങ്ങനെ മരിച്ചെന്നും മരണ കാരണം എന്താണെന്നും ആയിരുന്നു മുഹമ്മദ് സലായുടെ ചോദ്യം.
ഭക്ഷണത്തിനായി കാത്തിരിക്കവേ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു പലസ്തീനിയന്‍ പെലെ എന്ന് വിളിപ്പേരുള്ള സുലൈമാന്‍ അല്‍ ഉബൈദ് കൊല്ലപ്പെട്ടത്. ഉബൈദ് എവിടെ വെച്ച് എങ്ങനെ മരിച്ചുവെന്ന് യുവേഫ അനുശോചനത്തിൽ വ്യക്തമാക്കിയിരുന്നില്ല.
'ഇരുണ്ട സമയങ്ങളില്‍ പോലും എണ്ണമറ്റ കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കിയ പ്രതിഭ, സുലൈമാന്‍ അല്‍-ഉബൈദിന് വിട' എന്ന് മാത്രമായിരുന്നു യുവേഫയുടെ അനുശോചനം. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കാതെയുള്ള അനുശോചനത്തിനെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് സലായുടെ വിമര്‍ശനം.
പലസ്തീന്‍ സഹായ കേന്ദ്രത്തിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സുലൈമാന്‍ അല്‍ ഒബീദ് (41) കൊല്ലപ്പെട്ടത്. പലസ്തീനിയന്‍ പെലെ എന്ന പേരില്‍ പ്രസിദ്ധനായ ഫുട്‌ബോള്‍ താരത്തിനാണ് ജീവന്‍ നഷ്ടമായത്. തന്റെ നീണ്ട കരിയറില്‍, 100ലധികം ഗോളുകള്‍ നേടിയ ഗാസ താരം, പലസ്തീന്‍ ഫുട്‌ബോളിലെ ഏറ്റവും തിളക്കമുള്ള താരങ്ങളില്‍ ഒരാളായിരുന്നു.
ഗാസയിലെ ഖദാമത്ത് അല്‍-ഷാത്തി ക്ലബ്ബില്‍ നിന്നാണ് അല്‍ ഒബീദ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് അധിനിവേശ വെസ്റ്റ് ബാങ്കിലെ അല്‍-അമാരി യൂത്ത് സെന്റര്‍ ക്ലബ്ബിനോടൊപ്പം ചേര്‍ന്നു. അന്താരാഷ്ട്ര തലത്തില്‍, അല്‍-ഒബീദ് അല്‍ ഫിദായ്ക്കൊപ്പം 24 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് രണ്ട് ഗോളുകള്‍ നേടി. അതില്‍ ഏറ്റവും പ്രശസ്തമായത് 2010 ലെ വെസ്റ്റ് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ യെമന്‍ ദേശീയ ടീമിനെതിരെ നേടിയ ഒരു സിസര്‍ കിക്ക് ഗോളായിരുന്നു. അല്‍ ഒബൈദിന് ഭാര്യയും അഞ്ച് മക്കളുമുണ്ട്.
ഉബൈദ് അടക്കം ഇസ്രായേല്‍ ആഗ്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട കായിക താരങ്ങളുടെയും കുടുംബാംഗങ്ങളുടേയും എണ്ണം 662 ആയി. ഫുട്‌ബോളുമായി ബന്ധപ്പെട്ട് 321 ഓളം പേരാണ് ഇതിനകം കൊല്ലപ്പെട്ടത്.