ക്ലബ് ലോകകപ്പ് ജേതാക്കളായ ചെൽസിയുടെ ആഹ്ളാദം Source: X/ Chelsea FC
FOOTBALL

നീലക്കടലിരമ്പം, ഫിഫ ക്ലബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ചെൽസി

ചെൽസിക്കായി പാൽമർ ഇരട്ട ഗോൾ നേടി. ചെൽസിയുടേത് ഇത് രണ്ടാം ക്ലബ് ലോകകപ്പ് കിരീടമാണ്.

Author : ന്യൂസ് ഡെസ്ക്

ഫിഫ ക്ലബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ചെൽസി. ഫൈനലിൽ ചാംപ്യൻസ് ലീഗ് ജേതാക്കളായ പിഎസ്‌ജിയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിനാണ്. ചെൽസിക്കായി പാൽമർ ഇരട്ട ഗോൾ നേടി. ചെൽസിയുടേത് ഇത് രണ്ടാം ക്ലബ് ലോകകപ്പ് കിരീടമാണ്.

ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കാണ് പിഎസ്‌ജിയെ ചെൽസി വീഴ്ത്തിയത്. രണ്ടാം പകുതിയിൽ തിരിച്ചുവരാനുള്ള പിഎസ്‌ജിയുടെ ശ്രമങ്ങളെ ചെൽസി പ്രതിരോധിച്ചു. 2021ന് ശേഷം ഇതാദ്യമായാണ് ചെൽസി ക്ലബ് ലോകകപ്പ് നേടിയത്.

ചെൽസിക്കായി കോൾ പാൽമർ ‍ഇരട്ടഗോൾ നേടി. ജോവാ പെഡ്രോയാണ് ഗോൾ കണ്ടെത്തിയ മറ്റൊരു താരം. ചാംപ്യൻസ് ലീഗ് കിരീടത്തിന് പിന്നാലെ ക്ലബ്ബ് ലോകകപ്പും നേടാമെന്ന് മോഹിച്ചെത്തിയ ഫ്രഞ്ച് പടയെ ആക്രമിച്ചും പ്രതിരോധിച്ചും മുട്ടുകുത്തിച്ചാണ് ചെൽസി മാസ് കാട്ടിയത്.

22, 30 മിനിറ്റുകളിലായിരുന്നു പാൽമറിൻ്റെ ഗോളുകൾ. പാൽമറിൻ്റെ അസിസ്റ്റിൽ നിന്ന് 43ാം മിനിറ്റിലാണ് പെഡ്രോ മൂന്നാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സൂപ്പർ സേവുകളുമായി ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് പ്രതിരോധക്കോട്ട തീർത്തതോടെ പിഎസ്‌ജിയുടെ കിരീട സ്വപ്നം പൊലിഞ്ഞു.

22ാം മിനിറ്റിൽ പിഎസ്‌ജി ബോക്സിലേക്ക് ചെൽസി താരങ്ങൾ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിലാണ് ആദ്യ ഗോൾ പിറന്നത്. പന്ത് കൈക്കലാക്കിയ മാലോ ഗസ്റ്റോയുടെ ഗോൾശ്രമം പിഎസ്‌ജി പ്രതിരോധം തടുത്തെങ്കിലും റീബൗണ്ടിൽ ലഭിച്ച പന്ത് ഗസ്റ്റോ കോൾ പാൽമറിനു കൈമാറി. പന്ത് പിടിച്ചെടുത്ത പാൽമറിന് ലക്ഷ്യം പിഴച്ചില്ല.

ആദ്യ ഗോളിൻ്റെ ആരവമടങ്ങും മുൻപേയാണ് രണ്ടാം ഗോൾ പിറന്നത്. വലതുവിങ്ങിൽ പന്തുപിടിച്ചെടുത്ത പാൽമർ ലൂക്കാസ് ബെറാൾഡോയെ കബളിപ്പിച്ച് മനോഹരമായി വലകുലുക്കുകയായിരുന്നു. തിരിച്ചടിക്കാനുള്ള പിഎസ്‌ജിയുടെ ശ്രമത്തിനിടെയാണ് ചെൽസിയുടെ മൂന്നാം ഗോൾ വന്നത്. ബോക്സിന് സമീപം പന്ത് ലഭിച്ച പാൽമർ ജാവോ പെഡ്രോയ്‌ക്ക് മറിച്ചുനൽകി. പിഎസ്‌ജി ഗോൾകീപ്പർ ഡോണരുമയെ മറികടന്ന് പെഡ്രോ വലകുലുക്കി.

32 ടീമുകൾ മാറ്റുരച്ച ക്ലബ്ബ് ലോകകപ്പ് ഫൈനലിലാണ് ചെൽസിയുടെ കിരീട നേട്ടം. ഇത് അവരുടെ രണ്ടാം ലോക കിരീടമാണ്.

SCROLL FOR NEXT