FOOTBALL

THE STORY BEHIND | ലോകകപ്പിലെ അത്ഭുതഗോള്‍; പിന്നീടാര്‍ക്കും അത് സാധ്യമായിട്ടില്ല !

സോവിയറ്റ് യൂണിയനെതിരെ കൊളംബിയയുടെ മധ്യനിര താരം മാര്‍ക്കോസ് കോള്‍ നേടിയ ആ ഗോളിന് സവിശേഷതകളേറെയാണ്.

Author : എസ്. ഷാനവാസ്

ഫുട്ബോള്‍ ലോകകപ്പ് ചരിത്രം അത്ഭുത മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ്. കളിക്കളത്തിലെ ഇത്തരം അത്ഭുതപ്രകടനങ്ങള്‍ക്ക് ഓരോ സീസണിലും പുതിയ അവകാശികള്‍ ഉണ്ടായിവരും. അപ്പോഴും ചില പ്രകടനങ്ങള്‍ കാലത്തെ അതിജീവിച്ച് തുടരും. അത്തരത്തിലൊന്നാണ് 1962ലെ ചിലി ലോകകപ്പില്‍ പിറന്ന ഗോള്‍. സോവിയറ്റ് യൂണിയനെതിരെ കൊളംബിയയുടെ മധ്യനിര താരം മാര്‍ക്കോസ് കോള്‍ നേടിയ ആ ഗോളിന് സവിശേഷതകളേറെയാണ്. ആറ് പതിറ്റാണ്ടിനിടെ പിന്നീടൊരിക്കലും, ആര്‍ക്കും ലോകകപ്പില്‍ അതുപോലൊരു ഗോള്‍ നേടാന്‍ ആയിട്ടില്ല. മാര്‍ക്കോസ് കോളിന്റെ അത്ഭുതഗോളിനെക്കുറിച്ച്... ദി സ്റ്റോറി ബിഹൈന്‍ഡ്...

1962 ജൂണ്‍ മൂന്ന്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ കൊളംബിയയുടെ എതിരാളികള്‍ ശക്തരായ സോവിയറ്റ് യൂണിയന്‍. ആദ്യ മത്സരത്തില്‍ ഉറുഗ്വേയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റാണ് കൊളംബിയ എത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ യൂഗോസ്ലാവിയയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തോല്‍പ്പിച്ച സോവിയറ്റാകട്ടെ മികച്ച ഫോമിലും. കളിയുടെ തുടക്കം മുതല്‍ സോവിയറ്റ് ആധിപത്യം വ്യക്തമായി. എട്ടാം മിനുറ്റില്‍ വലെന്റിന്‍ ഇവാനോവ് വല കുലുക്കി. പത്താം മിനുറ്റില്‍ ഇഗോര്‍ ചിസ്‌ലെങ്കോയും, പതിനൊന്നാം മിനുറ്റില്‍ ഇവാനോവ് വീണ്ടും ഗോള്‍ നേടിയതോടെ കൊളംബിയ പരുങ്ങലിലായി. 21-ാം മിനുറ്റില്‍ ഹെര്‍മന്‍ അസെറോസിലൂടെ ഗോള്‍ മടക്കിയെങ്കിലും ആദ്യ പകുതി 3-1ന് അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ വിക്ടര്‍ പൊനെഡെല്‍നിക് കൂടി സ്കോര്‍ ചെയ്തതോടെ സോവിയറ്റ് യൂണിയന്‍ ലീഡുയര്‍ത്തി. കൊളംബിയ പൂര്‍ണമായി തകര്‍ന്നടിയുമെന്ന് എല്ലാവരും കരുതി. പക്ഷേ, 68ാം മിനുറ്റില്‍ അത്ഭുതം സംഭവിച്ചു. കൊളംബിയയ്ക്ക് ഒരു കോര്‍ണര്‍ ലഭിച്ചു. കിക്കെടുക്കാനെത്തിയത്‍ മാര്‍ക്കോസ് കോള്‍. സാധാരണ, പൊസിഷനെടുത്ത് നില്‍ക്കുന്ന സ്ട്രൈക്കറിലേക്കാകും കോര്‍ണര്‍ കിക്ക് നല്‍കുക. പക്ഷേ, ഇവിടെ മറ്റൊന്നാണ് സംഭവിച്ചത്. കോര്‍ണര്‍ ഫ്ലാഗില്‍നിന്ന് കോള്‍ കിക്ക് ചെയ്ത പന്ത്, പോസ്റ്റിന്റെ വലതുമൂലയിലൊന്ന് കുത്തിപ്പൊങ്ങി സ്വിങ് ചെയ്തു ഗോള്‍വലയിലേക്ക് കയറി. സോവിയറ്റ് പ്രതിരോധ നിരയ്ക്കോ, ബ്ലാക്ക് സ്പൈഡര്‍ എന്ന് വിളിപ്പേരുള്ള വിഖ്യാത ഗോള്‍കീപ്പര്‍ ലെവ് യാഷിനോ ഒന്നും ചെയ്യാനായായില്ല. മറ്റാരുടെയും ടച്ചില്ലാതെ കോര്‍ണര്‍ കിക്കില്‍നിന്നൊരു ഡയറക്ട് ഗോള്‍. ഒളിംപിക് ഗോള്‍ എന്ന അത്ഭുത ഗോളിനാണ് അന്ന് ഗാലറി സാക്ഷ്യം വഹിച്ചത്. ലോകകപ്പില്‍ അത് ആദ്യമായിരുന്നു.

കോളിന്റെ ഗോള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഇരച്ചുകയറിയ കൊളംബിയക്കായി 72-ാം മിനുറ്റില്‍ അന്റോണിയോ റാഡയും, 86-ാം മിനുറ്റില്‍ മരീനോ ക്ലിംഗറും ഗോള്‍ മടക്കിയതോടെ മത്സരം 4-4ന് സമനിലയിലായി. അവസാനമത്സരം തോറ്റ് കൊളംബിയ ലോകകപ്പില്‍നിന്ന് പുറത്തായെങ്കിലും, സോവിയറ്റിനെതിരായ പ്രകടനം ചരിത്രമായി. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ലോകകപ്പ് തിരിച്ചുവരവുകളിലൊന്നായി ആ മത്സരം മാറി. അതിലുപരി, മാര്‍ക്കോസ് കോള്‍ ലോകകപ്പിലെ ഏക ഒളിംപിക് ഗോളിന് അവകാശിയുമായി. 2017ൽ 81-ാം വയസില്‍ കോള്‍ വിട പറഞ്ഞെങ്കിലും, ലോകകപ്പിലെ അദ്ദേഹത്തിന്റെ റെക്കോഡിന് ഇന്നും ഇളക്കം തട്ടിയിട്ടില്ല.

സീറോ ആംഗിളില്‍ നിന്നെടുക്കുന്ന കിക്ക് നേരെ ഗോള്‍വലയില്‍ എത്തുന്നതിനെയാണ് ഗോള്‍ ഒളിംപികോ അല്ലെങ്കില്‍ ഒളിംപിക് ഗോള്‍ എന്ന് പറയുന്നത്. ഫുട്ബോളിലെ ഏറ്റവും പ്രയാസമേറിയ നേട്ടങ്ങളിലൊന്നായാണ് ഒളിംപിക് ഗോളിനെ കണക്കാക്കുന്നത്. ഗോള്‍കീപ്പറുടെയും എതിര്‍താരങ്ങളുടെയും പൊസിഷന്‍, പന്തിന്റെ ദിശ, കാറ്റ്, കിക്കിലെ കൃത്യത, കര്‍വ് എന്നിവ ഒത്തുചേരുമ്പോള്‍ മാത്രമാണ് അത്ഭുതം സംഭവിക്കുക. 1924ലാണ് ഒളിംപിക് ഗോളിന്റെ പിറവി. ഒളിപിംക് ചാമ്പ്യന്മാരായ ഉറുഗ്വേയും അര്‍ജന്റീനയും തമ്മിലൊരു സൗഹൃദ മത്സരം ബ്യൂണെസ് അയേഴ്സില്‍ നടന്നു. കളിയുടെ പതിനഞ്ചാം മിനുറ്റില്‍ അര്‍ജന്റീന താരം സിസാരിയോ ഒന്‍സാരി കോര്‍ണര്‍ കിക്കിലൂടെ ഗോള്‍ നേടി. ഒളിംപിക് ചാംപ്യന്മാര്‍ക്കെതിരായ ആദ്യ ഗോള്‍. ആദ്യ കോര്‍ണര്‍ കിക്ക് ഗോള്‍ എന്ന് ചരിത്രം അതിനെ രേഖപ്പെടുത്തി. ഒന്‍സാരിസ് ഗോള്‍ എഗെയ്ന്‍സ്റ്റ് ദി ഒളിംപിയന്‍സ് എന്ന് വിളിക്കപ്പെട്ട ഗോള്‍ പിന്നീട് ലോപിച്ച് ഒളിംപിംക് ഗോള്‍ എന്നായി മാറി.

ക്ലബ്ബ് ഫുട്ബോള്‍ ഒട്ടനവധി ഒളിംപിക് ഗോളുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. സണ്‍ ഹ്യൂ മിന്‍, ക്രിസ്റ്റ്യന്‍ പുലിസിച്ച്, ഡീഗോ ഫോര്‍ലാന്‍, എയ്ഞ്ചല്‍ ഡീ മരിയ, റൊണാള്‍ഡീഞ്ഞ്യോ, റോബര്‍ട്ടോ കാര്‍ലോസ്, ഡേവിഡ് ബെക്കാം, തിയറി ഹെന്‍‌റി, റിക്വല്‍മി, ടോണി ക്രൂസ് എന്നിങ്ങനെ താരങ്ങള്‍ സീറോ ആംഗിള്‍ കിക്കുകളിലൂടെ വല കുലുക്കിയവരാണ്. ഈജിപ്ത് താരം മൊഹമ്മദ് സലാ, അയര്‍ലന്‍ഡ് താരം സ്റ്റീവ് സ്റ്റോണ്‍ന്റണ്‍ എന്നിവര്‍ ദേശീയക്കുപ്പായത്തിലും ഒളിംപിംക് ഗോള്‍ നേടി. അതേസമയം, ഒളിംപിക്സില്‍ ഒളിംപിക് ഗോള്‍ കാണാന്‍ 2012 വരെ കാത്തിരിക്കേണ്ടിവന്നു. യുഎസ് വനിതാ ടീമിലെ മേഗന്‍ അന്ന റാപ്പിനോയ്ക്കായിരുന്നു ചരിത്രനേട്ടം. 2020ല്‍ ടോക്യോയിലും റാപ്പിനോ അത്ഭുത ഗോള്‍ ആവര്‍ത്തിച്ചു.

ഫുട്ബോള്‍ ലോകകപ്പില്‍ ഇതുവരെ 2600ലധികം ഗോളുകള്‍ പിറന്നു. ഫ്രീകിക്കുകള്‍, ബൈസിക്കിള്‍ കിക്കുകള്‍, ലോംഗ് റേഞ്ചറുകള്‍ തുടങ്ങി ബുള്ളറ്റ് ഷോട്ടുകള്‍കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്തവര്‍ വരെയുണ്ട്. എന്നാല്‍, കോര്‍ണര്‍ കിക്ക് നേരിട്ട് ഗോള്‍വലയിലെത്തിച്ച അത്ഭുതനിമിഷം പിന്നീടൊരിക്കലും പിറവിയെടുത്തിട്ടില്ല. ലോകകപ്പിലെ ഒളിംപിക് ഗോളിന് അന്നും ഇന്നും ഒരു അവകാശി മാത്രം മാര്‍ക്കോസ് കോള്‍. ആ വാഴ്ചയ്ക്ക് ഇക്കുറിയെങ്കിലും അവസാനമുണ്ടാകുമോ?

SCROLL FOR NEXT