ഐ ലീഗ് ജേതാക്കളായ ഇൻ്റർ കാശി ടീം (ഫയൽ ചിത്രം) Source: X/ I league, Inter Kashi
FOOTBALL

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് തിരിച്ചടി; ഐ ലീഗ് 2024-25 സീസണിലെ ജേതാവായി ഇൻ്റർ കാശി, ഇനി ഐഎസ്എല്ലിലേക്ക്!

ഇതിന് പുറമെ ഫസ്റ്റ് ഡിവിഷൻ ലീഗായ ഐഎസ്എല്ലിലേക്കും ഇൻ്റർ കാശി പ്രമോട്ട് ചെയ്യപ്പെടും.

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ ഐ ലീഗ് സീസണിനൊടുവിൽ പോയിൻ്റ് പട്ടികയെ ചൊല്ലി ഉയർന്ന വിവാദത്തിൽ നിർണായക തീരുമാനവുമായി കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് (സിഎഎസ്). ചർച്ചിൽ ബ്രദേഴ്സിന് ലീഗ് കിരീടം സമ്മാനിച്ച ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടപടികളെ ചോദ്യം ചെയ്ത് ഇൻ്റർ കാശി സമർപ്പിച്ച അപ്പീലിലാണ് നിർണായക വിധി പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

“ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി 2025 മെയ് 31ന് പുറപ്പെടുവിച്ച തീരുമാനത്തിനെതിരെ ഇൻ്റർ കാശി എഫ്‌സി 2025 ജൂൺ 4ന് സമർപ്പിച്ച അപ്പീൽ ഭാഗികമായി ശരിവെക്കുന്നു. അതോടൊപ്പം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി 2025 മെയ് 31ന് പുറപ്പെടുവിച്ച തീരുമാനം റദ്ദാക്കിയിരിക്കുന്നു. എഐഎഫ്എഫ് ഇൻ്റർ കാശി എഫ്‌സിയെ ഐ ലീഗ് 2024-25 സീസണിലെ വിജയിയായി ഉടൻ പ്രഖ്യാപിക്കും,” എന്നാണ് സിഎഎസ് ഉത്തരവിൽ പറയുന്നതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ അറിയിച്ചു.

നേരത്തെ വിവാദങ്ങൾ ഒടുങ്ങും മുമ്പേ ടൂർണമെൻ്റ് അവസാനിച്ച് മൂന്ന് ആഴ്ചകൾക്കിപ്പുറം ചർച്ചിൽ ബ്രദേഴ്സിന് ലീഗ് ട്രോഫി സമ്മാനിച്ചിരുന്നു. നിലവിൽ സ്വിറ്റ്സർലൻ്റ് ആസ്ഥാനമായുള്ള സിഎഎസ് കോടതിയുടെ വിധി പ്രഖ്യാപനത്തോടെ, ഉടനെ തന്നെ മറ്റൊരു സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ച് ട്രോഫി കൈമാറേണ്ട ഗതികേടിലാണ് എഐഎഫ്എഫ്. ട്രോഫി ചർച്ചിലിന് നൽകിയ എഐഎഫ്എഫ് അപ്പീൽ കമ്മിറ്റിയുടെ തീരുമാനം തെറ്റാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

നേരത്തെ ഇൻ്റർ കാശി അനുമതിയില്ലാതെ ഒരു താരത്തെ കളിപ്പിച്ചതിനെ ചൊല്ലി ഉയർന്ന വിവാദമാണ് മാസങ്ങളോളം നീണ്ട തർക്കങ്ങളിലേക്ക് നീണ്ടത്. വാരണാസി ആസ്ഥാനമായുള്ള ക്ലബ്ബിൻ്റെ പോയിൻ്റ് എഐഎഫ്എഫ് വെട്ടിക്കുറച്ചതിന് പിന്നാലെയാണ് അവർ ചർച്ചിൽ ബ്രദേഴ്സിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായത്.

'സത്യമേവ ജയതേ' എന്ന പോസ്റ്റുമായാണ് ഈ വിധി പ്രഖ്യാപനത്തെ ഇൻ്റർ കാശി എതിരേറ്റത്. "സത്യം മാത്രമെ എപ്പോഴും വിജയിക്കൂ" എന്നാണ് ഇന്ത്യൻ ഫുട്ബോളിനേയും ഐ ലീഗിനേയും ടാഗ് ചെയ്തുകൊണ്ട് ഇൻ്റർ കാശി ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. ഇതിന് പുറമെ ഫസ്റ്റ് ഡിവിഷൻ ലീഗായ ഐഎസ്എല്ലിലേക്കും ഇൻ്റർ കാശി പ്രമോട്ട് ചെയ്യപ്പെടും.

SCROLL FOR NEXT