FOOTBALL

ക്ലബ്ബ് സീസണിൽ റോണോയ്ക്ക് സില്‍വര്‍ ജൂബിലി; മുന്നിലുള്ളത് 1000 ഗോള്‍ എന്ന ചരിത്ര നേട്ടം

നിലവില്‍ 1330 മത്സരങ്ങളില്‍ നിന്ന് 976 ഗോളാണ് റൊണാള്‍ഡോയുടെ നേട്ടം

Author : ന്യൂസ് ഡെസ്ക്

ക്ലബ്ബ് സീസണിൽ സിൽവർ ജൂബിലിയിലേക്ക് കടക്കുകയാണ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2002ൽ സ്പോർട്ടിങ്ങിൽ തുടങ്ങിയ കരിയർ നേടാവുന്നതെല്ലാം നേടിയാണ് മുന്നേറുന്നത്. രണ്ടര പതിറ്റാണ്ടിനിപ്പുറം, മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ മഡ്രിഡും യുവന്റസും കടന്ന് ആ യാത്ര സൗദി അറേബ്യയിലെ അൽ നസറിൽ എത്തിനിൽക്കുന്നു. ഗോളടിയുടെ ആവേശം ഒട്ടും കുറയാതെ പുതിയ സീസണിന് ഒരുങ്ങുകയാണ് റോണോ.

സ്പോർട്ടിങ്ങിൽ തുടക്കമിട്ട റൊണാൾഡോയുടെ കരിയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ ഉയരങ്ങളിലെത്തി. പ്രീമിയർ ലീഗ് കിരീടത്തിനൊപ്പം ചാംപ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കി ലോക ഫുട്ബോളിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി റോണോ മാറി. 2007-08 സീസണിൽ 31 പ്രീമിയർ ലീഗ് ഗോളുകളുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയതും അതേ സീസണിൽ യുണൈറ്റഡിനെ ചാംപ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചതും കരിയറിലെ നിർണായക അധ്യായമായി.

2009ൽ റയൽ മഡ്രിഡിലേക്ക് ചേക്കേറിയതോടെ റൊണാൾഡോയുടെ ഗോൾവേട്ട മറ്റൊരു തലത്തിലെത്തി. സ്പാനിഷ് വമ്പന്മാർക്കായി 438 മത്സരങ്ങളിൽ 450 ഗോളുകൾ നേടിയെന്ന കണക്കാണ് റോണോയുടെ മഡ്രിഡ് കാലത്തെ മികവ് വ്യക്തമാക്കുന്നത്. ലാ ലിഗയ്ക്ക് ഒപ്പം നാല് ചാംപ്യൻസ് ലീഗ് കിരീടവും റയൽ മഡ്രിഡിനൊപ്പം റോണോ സ്വന്തമാക്കി. 2013-14 സീസണിൽ മാത്രം 17 ചാംപ്യൻസ് ലീഗ് ഗോളുകളാണ് താരം നേടിയത്.

2018ൽ യുവന്റസിലേക്ക് മാറിയപ്പോഴും ഗോൾവേട്ടയ്ക്ക് ഇടവേളയുണ്ടായില്ല. ഇറ്റാലിയൻ ക്ലബ്ബിനായി 100 ഗോളുകൾ പൂർത്തിയാക്കിയ റൊണാൾഡോ, ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി എന്നീ മൂന്ന് രാജ്യങ്ങളിലെ ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യ താരമായി മാറുകയും ചെയ്തു. യുവന്റസിനായി 131-ാം മത്സരത്തിലാണ് 100-ാം ഗോൾ പൂർത്തിയാക്കിയത്.

യൂറോപ്പിലെ വമ്പൻ ലീഗുകൾക്കു ശേഷം 2023ൽ സൗദി പ്രോ ലീഗിലെ അൽ നസറിലെത്തിയപ്പോഴും റൊണാൾഡോയുടെ സ്വാധീനം തുടർന്നു. ഏഷ്യൻ ഫുട്ബോളിലേക്കുള്ള സൂപ്പർ താരങ്ങളുടെ ഒഴുക്കിന് തന്നെ റോണോയുടെ അൽ നസർ ട്രാൻസ്ഫർ വഴിയൊരുക്കി. അൽ നസറിനൊപ്പവും വ്യക്തിഗത റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുകയാണ് 41കാരൻ. 2025ൽ ക്ലബ് കരിയറിലെ 800-ാം ഗോൾ നേടിയ റൊണാൾഡോ പിന്നീട് അൽ നസറുമായുള്ള കരാർ 2027 വരെ നീട്ടുകയും ചെയ്തു. 2024-25 സീസണിൽ സൗദി പ്രോ ലീഗിലെ ടോപ് സ്കോററായും താരം മാറി.

ഇപ്പോൾ ലക്ഷ്യം മറ്റൊന്നാണ്. 1000 കരിയർ ഗോളെന്ന ചരിത്ര നേട്ടം. നിലവില്‍ 1330 മത്സരങ്ങളില്‍ നിന്ന് 976 ഗോളാണ് നേട്ടം. 261 അസിസ്റ്റും റോണോയുടെ പേരിലുണ്ട്. ചരിത്രനേട്ടത്തിന് ഇനി വേണ്ടത് 24 ഗോളുകൾ. അതിലേക്ക് ഓരോ മത്സരവും റൊണാൾഡോയ്ക്ക് പുതിയ ചുവടാണ്. പ്രായം 40 കടന്നിട്ടും പരിശീലനത്തിലെ കഠിനാധ്വാനവും ഗോളിനോടുള്ള വിശപ്പും കൈവിടാത്ത റോണോ, ക്ലബ് ഫുട്ബോളിലെ 25-ാം സീസണിലും ആരാധകർക്ക് മുന്നിൽ തൻ്റെ ഗോൾവേട്ട തുടരാനാണ് ഇറങ്ങുന്നത്.

സ്പോർട്ടിങ് സിപിയിൽ കൗമാരക്കാരനായി തുടങ്ങിയ യാത്ര. മാഞ്ചസ്റ്റർ യുണൈറ്റഡിൽ സൂപ്പർ താരമായി വളർന്നു. റയൽ മഡ്രിഡിൽ ചരിത്രം കുറിച്ചു. യുവന്റസിൽ പുതിയ വെല്ലുവിളി ഏറ്റെടുത്തു. ഒടുവിൽ സൗദി ഫുട്ബോളിൻ്റെ മുഖമായി മാറി. കരിയറിൻ്റെ അവസാനകാലത്തും ഓരോ പുൽനാമ്പുകളെയും ആവേശം ഉണർത്തികൊണ്ട് മുന്നേറുകയാണ് റോണോ.

SCROLL FOR NEXT