ക്രിസ്റ്റ്യാനോ റൊണാൾഡോ, ലാമിനെ യമാൽ എന്നീ രണ്ട് ദ്വന്ദങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നൊരു പോരാട്ടമല്ല പോർച്ചുഗൽ vs സ്പെയിൻ യുവേഫ നേഷൻസ് ലീഗ് ഫൈനൽ പോരാട്ടം. ഫുട്ബോളിനെ അങ്ങനെ ചുരുക്കിക്കാണുന്നതും തെറ്റാണ്. കാൽപന്തു കളിയുടെ മനോഹാരിത ടീം ഗെയിമിലാണ്.
വെറും ആൾക്കൂട്ടങ്ങളല്ല ഫുട്ബോൾ മൈതാനത്ത് കാണികളുടെ ഹൃദയം കീഴടക്കുന്നത്. അവിടെ ചാവേറുകളെ പോലെ, ഫൈനൽ വിസിൽ മുഴങ്ങിക്കേൾക്കുന്നത് വരെ ഒറ്റക്കെട്ടായി പൊരുതാനുള്ള ചങ്കൂറ്റവും തളരാതെ പിടിച്ചുനിൽക്കാനുള്ള മനക്കരുത്തുമാണ് പരീക്ഷിക്കപ്പെടുന്നത്.
അന്താരാഷ്ട്ര ഫുട്ബോൾ ടീമുകൾ തമ്മിലുള്ള പരമ്പരാഗത വൈരത്തിൽ 'പോർച്ചുഗൽ vs സ്പെയിൻ' പോരാട്ടങ്ങൾക്ക് ഒരു നൂറ്റാണ്ടിൻ്റെ ചരിത്രകഥയുണ്ട് പറയാൻ. 1921ലാണ് ആദ്യത്തെ പോർച്ചുഗൽ-സ്പെയിൻ പോരാട്ടം നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഫുട്ബോൾ മത്സരങ്ങൾക്ക് 'ഐബീരിയൻ ഡെർബി' എന്നാണ് പേര്. യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ ഒരു പതിറ്റാണ്ടിനിപ്പുറം ഇരു ടീമുകളും വീണ്ടും കൊമ്പു കോർക്കാനൊരുങ്ങുമ്പോൾ ആരാധകർ ആവേശത്തിലാണ്.
ഒരേ പന്തിന് പിന്നാലെ പായുന്നവരെങ്കിലും, രണ്ട് ജനറേഷനുകളുടെ അറ്റത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലാമിനെ യമാലുമുള്ളതും. ഒരാൾക്ക് ഫുട്ബോളിൽ ഇനി തെളിയിക്കാനൊന്നുമില്ല. എങ്കിലും കളിച്ച ഒമ്പത് നേഷൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും ഒരു അസിസ്റ്റുമായി ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ രണ്ടാമതാണ് CR7.
ഖത്തർ ലോകകപ്പിന് പിന്നാലെ തന്നെ തള്ളിപ്പറഞ്ഞ യൂറോപ്പുകാർക്ക് മുന്നിൽ അയാൾ ഇതിനോടകം തന്നെ പലതും തെളിയിച്ചു കഴിഞ്ഞു. 2019ൽ നേടിയ കന്നി നേഷൻസ് ലീഗ് കിരീടത്തിൽ, വീണ്ടുമൊരിക്കൽ കൂടി മുത്തമിട്ട് 2026 ഫിഫ ലോകകപ്പ് നേടാൻ പറങ്കിപ്പടയെ നന്നായി ഒരുക്കാൻ തന്നെയാണ് അയാൾ പരിശ്രമിക്കുന്നത്. കോച്ച് റോബർട്ടോ മാർട്ടിനസിന് കീഴിൽ പോർച്ചുഗൽ ടീം മികച്ചൊരു യുവനിരയെ ഒരുക്കിയെടുത്തിട്ടുണ്ട് എന്നതാണ് പ്രകടമായ മാറ്റം.
മെസ്സി-ക്രിസ്റ്റ്യാനോ യുഗം അവസാനിക്കുന്നതോടെ, ഫുട്ബോൾ ലോകം ഇനി അടക്കി വാഴാൻ പോകുന്നത് സ്പാനിഷ് വണ്ടർ കിഡ് ലാമിനെ യമാൽ ആണെന്ന് ഫുട്ബോൾ ലോകം വിധിയെഴുതി കഴിഞ്ഞു. സ്പെയ്നിനൊപ്പം യൂറോ കപ്പും, ബാഴ്സയ്ക്കൊപ്പം ഈ സീസണിൽ ട്രെബിളും അടിച്ച ലാമിനെ യമാലിൻ്റെ മുൻപിൽ യുവേഫ നേഷൻസ് ലീഗ് ഫൈനലാണ് ഇനിയുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ നേരിട്ട് ശേഷം, ഫൈനലിസിമയിലൂടെ ലാമിൻ യമാലിൻ്റെ മുൻപിലേക്ക് എത്തുന്നത് സാക്ഷാൽ മെസ്സിയാണ്.
നേർക്കുനേർ വന്നതിൻ്റെ കണക്ക് നോക്കുമ്പോൾ സ്പെയ്നിനാണ് മുൻതൂക്കം. 40 മത്സരങ്ങളിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സ്പെയ്ൻ 18 കളിയിൽ ജയിച്ചു. പോർച്ചുഗൽ ജയിച്ചത് ആറ് കളിയിലാണ്. 16 മത്സരങ്ങൾ സമനിലയിലായി.
ഡിയോഗോ കോസ്റ്റ, നെൽസൺ സെമെദോ, റൂബൻ ഡയസ്, ഗോൺസാലോ ഇനാസിയോ, മെൻഡെസ്, വിറ്റീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, നെവെസ്, ബെർണാർഡോ സിൽവ, ക്രിസ്റ്റ്യാനോ റൊണാൾഡോ, പെഡ്രോ നെറ്റോ
ഉനൈ സിമോൺ, പെഡ്രോ പോറോ, റോബിൻ ലെ നോർമൻഡ്, ഡീൻ ഹുയ്സെൻ, കുകുറേ, പെഡ്രി, ഫാബിയാൻ റൂയിസ്, ലാമിൻ യമാൽ, മെറിനോ, വില്യംസ്, ഒയർസബാൾ.
സ്പെയിൻ-പോർച്ചുഗൽ ഫൈനൽ മത്സരം ടെലിവിഷനിൽ ലൈവായി ഇന്ത്യയിൽ സോണി സ്പോർട്സ് 5 ടിവി ചാനലിൽ കാണാം.
സ്പെയിൻ-പോർച്ചുഗൽ ഫൈനൽ മത്സരത്തിന്റെ ലൈവ് സ്ട്രീം സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.