ഊഹാപോഹങ്ങൾക്ക് വിട... പോർച്ചുഗീസ് ഫുട്ബോൾ ലെജൻഡും ഗോളടി വീരനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിനൊപ്പം തന്നെ തുടരും. 2027 വരെയാണ് സൂപ്പർ താരം അൽ നസറുമായുള്ള കരാർ പുതുക്കിയത്.
ഇക്കാര്യം ക്രിസ്റ്റ്യാനോയും അൽ നസർ ക്ലബ്ബും സ്ഥിരീകരിച്ചു. റൊണാൾഡോ കരാർ പുതുക്കുന്ന ചിത്രങ്ങളും ക്ലബ്ബ് ചെയർമാൻ അബ്ദുള്ള അൽ മാജെദിനൊപ്പമുള്ള ചിത്രങ്ങളും ക്ലബ്ബ് ഒഫീഷ്യൽ പേജിൽ പങ്കുവെച്ചു. 2027 വരെ അൽ നസർ ക്യാപ്ടൻ ടീമിനൊപ്പം തുടരുമെന്ന് ക്ലബ്ബ് അറിയിച്ചു.
40കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതോടെ അടുത്ത രണ്ട് വർഷം കൂടി ക്ലബ്ബ് ഫുട്ബോളിൽ സജീവമായി തുടരുമെന്നാണ് വിവരം. തൻ്റെ കാലുകൾ അനുവദിക്കുന്ന വരെ പന്തു തട്ടുമെന്നും ഫുട്ബോൾ കളിക്കുന്നത് ഇപ്പോഴും ഏറെ ആസ്വദിക്കുന്നുണ്ട് എന്നുമാണ് ക്രിസ്റ്റ്യാനോ വിരമിക്കൽ ചോദ്യങ്ങൾക്ക് നേരത്തെ നൽകിയ മറുപടി.
"പുതിയൊരു അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, അതേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം," ക്രിസ്റ്റ്യാനോ കരാർ പുതുക്കിയ ചിത്രം പങ്കുവെച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.