FOOTBALL

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ വിടുന്നു? സൗദി ക്ലബ്ബ് വിടുമെന്ന സൂചന നൽകി ഇതിഹാസം

കഴിഞ്ഞ രണ്ട് സീസണുകളിലും റൊണാൾഡോയുടെ ഗോളടി മികവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. കഴിഞ്ഞ രണ്ട് സൗദി പ്രോ ലീഗ് സീസണുകളിലും റൊണാൾഡോയാണ് ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.

Author : ന്യൂസ് ഡെസ്ക്


ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ വിടാൻ ഒരുങ്ങുന്നുവെന്ന് സൂചന. സൗദി പ്രോ ലീഗിലെ ഈ സീസണിലെ അവസാന മത്സരത്തിന് പിന്നാലെയാണ് ഒരു സൂചന അൽ നസർ നായകൻ പങ്കുവെച്ചത്. തിങ്കളാഴ്ച രാത്രി അൽ ഫത്തേഹുമായുള്ള അവസാന ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ നയിച്ച അൽ ആലാമി പട 2-3ന് തോൽവി വഴങ്ങിയിരുന്നു.

2022ൽ അൽ നസറിൽ ചേർന്ന പോർച്ചുഗീസ് ഇതിഹാസ താരം സൗദി ടീമിൻ്റെ പ്രകടനത്തിൽ തൃപ്തനായിരുന്നില്ല. ടീമിനൊപ്പം ഒരു കിരീടം മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ലീഗ് കിരീടത്തിൽ ഒരിക്കൽ പോലും മുത്തമിടാൻ റൊണാൾഡോയ്ക്ക് സാധിച്ചില്ല. എങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിലും റൊണാൾഡോയുടെ ഗോളടി മികവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. കഴിഞ്ഞ രണ്ട് സൗദി പ്രോ ലീഗ് സീസണുകളിലും റൊണാൾഡോയാണ് ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.

"ഈ അധ്യായം അവസാനിക്കുന്നു. കഥയോ? അത് ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയല്ലേ. എല്ലാവരോടും നന്ദിയുള്ളവനായിരിക്കും" ക്രിസ്റ്റ്യാനോ എക്സിൽ കുറിച്ചു. ഇത് സീസൺ അവസാനിപ്പിച്ചുള്ള പോസ്റ്റ് ആണോ, അതോ ക്ലബ്ബിലെ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനമാണോയെന്ന് റൊണാൾഡോ വ്യക്തമാക്കിയിട്ടില്ല.

അൽ നസറും ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സൗദിയിൽ നിന്നും റൊണാൾഡോ ഇനി ഏത് ക്ലബിലേക്കാണ് പോകുന്നതെന്ന ആകാംഷയിലാണ് കായിക ലോകം.

ഈ സീസണിനൊടുവിൽ ക്രിസ്റ്റ്യാനോ ബ്രസീലിയൻ ക്ലബ്ബിലേക്ക് ചേക്കേറുമെന്നും ക്ലബ്ബ് ലോകകപ്പിൽ കളിക്കുമെന്നുമുള്ള ഊഹാപോഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫിഫ പ്രസിഡൻ്റ് ഇൻഫാൻ്റീനോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ലോകത്തേറ്റവുമധികം പ്രതിഫലം പറ്റുന്ന ഫുട്ബോളറാണ് അദ്ദേഹം. ക്രിസ്റ്റ്യാനോയ്ക്ക് പ്രതിവർഷം 1630.61 കോടിയാണ് അൽ നസർ നൽകുന്ന പ്രതിഫലം. അൽ നസറിനൊപ്പമുള്ള കരാർ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അവസാനിക്കാനിരിക്കെ ക്രിസ്റ്റ്യാനോ ഇനിയെങ്ങോട്ടേക്ക് പോകുമെന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ആരാധകർ.

SCROLL FOR NEXT