അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാനുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തീരുമാനത്തില്‍ പ്രതികരിച്ച് പോര്‍ച്ചുഗല്‍ പരിശീലകന് ഹോര്‍ഹെ ജീസസ്. ഹോര്‍ഹെ ജീസസും റൊണാൾഡോയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നേരത്തെ മുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ദേശീയ ടീം പരിശീലകനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് റൊണാൾഡോ പോര്‍ച്ചുഗല്‍ ക്യാമ്പ് വിട്ടതും വലിയ വാര്‍ത്തയും വിവാദവുമായിരുന്നു.
വിരമിക്കല്‍ തീരുമാനം റൊണാൾഡോ ഹോര്‍ഹെയെ നേരിട്ട് അറിയിച്ചിരുന്നില്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റായ പെഡ്രോ പ്രോന്സയോടാണ് റൊണാള്‍ഡോ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
2026 ലോകകപ്പില്‍ പോര്‍ച്ചുഗല്‍ പുറത്തായതിനു പിന്നാലെയാണ് ഹോര്‍ഹെ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. അന്ന് മുതല്‍ ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ റൊണാള്‍ഡോയുമായി സംസാരിച്ചിരുന്നുവെന്നാണ് ഹോര്‍ഹെ ഇപ്പോള്‍ പറയുന്നത്. ദേശീയ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് റൊണാള്‍ഡോയുമായി താന്‍ സംസാരിച്ചിരുന്നു. ടീമില്‍ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. റൊണാള്‍ഡോയെ തന്റെ ഭാഗത്ത് വേണമെന്നായിരുന്നു ആഗ്രഹം. പക്ഷെ, അദ്ദേഹത്തിന്റെ തീരുമാനം താന്‍ അംഗീകരിക്കുന്നു.
അല്‍ നസറില്‍ ഒരു വര്‍ഷത്തോളം റൊണാള്‍ഡോയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചു. ക്രിസ്റ്റ്യാനോ ആഗോള ഐക്കണും പോര്‍ച്ചുഗല്‍ ഫുട്ബോളിന്റെ ഐക്കണുമാണ്.
പോര്‍ച്ചുഗല്‍ ദേശീയ ടീമിന് റൊണാള്‍ഡോ നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. ദേശീയ ടീമിന്റെയും ജനങ്ങളുടെയും ചരിത്രത്തിന്റെയും എക്കാലത്തെയും ഐക്കണ്‍ ആയി അദ്ദേഹം തുടരും. പോര്‍ച്ചുഗീസ് ജനതയുടെ ഹൃദയത്തിലും ദേശീയ ടീമിലും ക്രിസ്റ്റ്യാനോയ്ക്ക് എന്നും സ്ഥാനമുണ്ടാകുമെന്നും ഹോര്‍ഹെ കൂട്ടിച്ചേര്‍ത്തു.
പോര്‍ച്ചുഗീസ് യുവതയുടെ പ്രതീകമാണ് ക്രിസ്റ്റ്യാനോ. അദ്ദേഹത്തിന്റെ ആരാധകരില്‍ ഏറെയും യുവാക്കളാണ്. താരത്തിന്റെ വലിയൊരു ചിത്രം ഓഡിറ്റോറിയത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഹോര്‍ഹെ പറഞ്ഞു.
പരിശീലകനുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ദേശീയ ടീം ക്യാമ്പ് വിട്ടുപോയ റൊണാള്‍ഡോയ്ക്ക് 30 ദിവസത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു. സെപ്റ്റംബര്‍ 24-ന് ലിസ്ബണില്‍ നടന്ന വെയില്‍സിനെതിരായ നേഷന്‍സ് ലീഗ് മത്സരമാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി അവസാനമായി കളിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 4-ന് നോര്‍വേക്കെതിരായ മത്സരത്തില്‍ 18 വര്‍ഷത്തിനിടയില്‍ ആദ്യമായി താരത്തിന് സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നു.
ക്യാമ്പ് വിട്ടുപോയതിന് താരം സഹതാരങ്ങളോട് മാപ്പ് ചോദിക്കുകയും ദേശീയ ടീമില്‍ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തെങ്കിലും, പരിശീലകനോട് മാപ്പ് അദ്ദേഹം തയ്യാറായിരുന്നില്ല.