ക്രിസ്റ്റല്‍ പാലസിന് കമ്മ്യൂണിറ്റി ഷീൽഡ് കിരീടം Source: X/ EmiratesFACup
FOOTBALL

സലയും ലിവർപൂളും ഷൂട്ടൗട്ടില്‍ വീണു; ക്രിസ്റ്റല്‍ പാലസിന് കമ്മ്യൂണിറ്റി ഷീൽഡ് കിരീടം

പെനാല്‍റ്റി ഷൂട്ടൗട്ടിൽ തിളങ്ങാന്‍ പ്രീമിയർ ലീഗ് ചാംപ്യന്മാർക്ക് സാധിച്ചില്ല

Author : ന്യൂസ് ഡെസ്ക്

കമ്മ്യൂണിറ്റി ഷീൽഡ് കിരീടത്തില്‍ മുത്തമിട്ട് ക്രിസ്റ്റൽ പാലസ്. ഫൈനലിൽ ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് കിരീട നേട്ടം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് വീതം ഗോൾ നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസിന്റെ ജയം. പാലസിന്റെ രണ്ടാം മേജർ കിരീടമാണിത്.

മത്സരത്തിന്റെ തുടക്കത്തില്‍ ലിവർപൂളിനായിരുന്നു മുന്‍തൂക്കം. നാലാം മിനുട്ടില്‍ ഹ്യൂഗോ എക്റ്റിക്കെയിലൂടെ ലിവർപൂള്‍ മുന്നിലെത്തി. എന്നാല്‍ 17ാം മിനുട്ടില്‍ ക്രിസ്റ്റല്‍ പാലസ് മറുപടി നല്‍കി. ജീന്‍ ഫിലിപ്പെയുടെ ഗോളില്‍ ഇരുടീമുകളും തുല്യനിലയില്‍. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ലിവർപൂള്‍ വീണ്ടും മുന്നിലെത്തി. ജെറമി ഫ്രിപോങ്ങാണ് ഇത്തവണ ഗോള്‍ കണ്ടെത്തിയത്. 77ാം മിനുട്ടില്‍ ഇസ്മെയില്‍ സാറിലൂടെ പാലസ് വീണ്ടും മത്സരം സമനിലയിലാക്കി. നിശ്ചിത സമയവും കടന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു.

പെനാല്‍റ്റി ഷൂട്ടൗട്ടിൽ തിളങ്ങാന്‍ പ്രീമിയർ ലീഗ് ചാംപ്യന്മാർക്ക് സാധിച്ചില്ല. മുഹമ്മദ് സലായടക്കം ലിവർപൂളിന്റെ മൂന്ന് താരങ്ങൾ പെനാൽറ്റി പാഴാക്കി. 3-2ന് ഷൂട്ടൗട്ട് കടമ്പയും പിന്നിട്ട് ക്രിസ്റ്റല്‍ പാലസ് കമ്മ്യൂണിറ്റി ഷീൽഡ് നേടി.

SCROLL FOR NEXT