Source: Files
FOOTBALL

ആദ്യ ഹോം മാച്ചിന് തൊട്ടുമുൻപ് നാടകീയ രംഗങ്ങൾ; കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സ് ഓഫീസ് പൂട്ടി ജിസിഡിഎ

സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്‌സ് ഓഫീസ് പൂട്ടിയ ജിസിഡിഎ, പ്രതിനിധികളെ പുറത്താക്കുകയും ചെയ്‌തു...

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൻ്റെ 2026 (ഐഎസ്എല്‍) സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം നടക്കാനിരിക്കെ കൊച്ചിയിൽ നാടകീയ സംഭവങ്ങൾ. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്‌സ് ഓഫീസ് പൂട്ടിയ ജിസിഡിഎ, പ്രതിനിധികളെ പുറത്താക്കുകയും ചെയ്‌തു. പ്രശ്നങ്ങൾ ഉയർന്നതിനെ തുടർന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിന് മുൻപ് നിശ്ചയിച്ചിരുന്ന പത്രസമ്മേളനം സ്റ്റേഡിയത്തിൽ നടത്താൻ അനുവദിച്ചിരുന്നില്ല. മീഡിയ റൂം പൂട്ടിയതിനാൽ പരിശീലകനും താരങ്ങളും എത്തിയിട്ടും പരിപാടി ഓൺലൈനിലേക്ക് മാറ്റേണ്ടി വരികയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സ്റ്റേഡിയം വാടക ഉയർത്താനുള്ള ജിസിഡിഎയുടെ നീക്കം. രണ്ട് ലക്ഷമെന്നത് 4.20 ലക്ഷമായി വർധിപ്പിക്കാനായിരുന്നു തീരുമാനം. എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനമായത്. നേരത്തെ കോഴിക്കോട് നടത്താൻ നിശ്ചയിച്ച മത്സരം കൊച്ചിയിൽ നടത്താൻ തീരുമാനിച്ചത് വാടക കുറയ്ക്കുമെന്ന ജിസിഡിഎയുടെ വാക്കിൻ്റെ അടിസ്ഥാനത്തിലായിരുന്നു. നേരത്തെ രണ്ട് ലക്ഷം നൽകിയാൽ മതി എന്നായിരുന്നു അറിയിച്ചത്. എന്നാൽ, നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇമെയില്‍ മുഖേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

നാളെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു.

SCROLL FOR NEXT