വിജയഗോൾ നേടിയ മെസ്സിയുടെ ആഹ്ളാദ പ്രകടനം. Source: X/ FIFA Club World Cup, Inter Miami
FOOTBALL

ഫിഫ ക്ലബ്ബ് ലോകകപ്പ്: മെസ്സി മാജിക്കിൽ ഇൻ്റർ മയാമിക്ക് ആദ്യ ജയം, ഫ്രീ കിക്കിലൂടെ വിജയഗോളുമായി മെസ്സി

ആദ്യം ലീഡെടുത്ത പോർച്ചുഗീസ് ക്ലബ്ബ് എഫ്‌സി പോർട്ടോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് മെസ്സിയുടേയും കൂട്ടരുടെയും മുന്നേറ്റം.

Author : ന്യൂസ് ഡെസ്ക്

കരിയറിലെ 68ാമത് ഫ്രീ കിക്ക് ഗോളുമായി മെസ്സി നിറഞ്ഞാടിയതോടെ ഫിഫ ക്ലബ്ബ് ലോകകപ്പിൽ ആദ്യ ജയം നേടി ഇൻ്റർ മയാമി. ആദ്യം ലീഡെടുത്ത പോർച്ചുഗീസ് ക്ലബ്ബ് എഫ്‌സി പോർട്ടോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് മെസ്സിയുടേയും കൂട്ടരുടെയും മുന്നേറ്റം.

ഗ്രൂപ്പ് എ മത്സരത്തിൽ 54-ാം മിനിറ്റിൽ ലയണൽ മെസ്സി എടുത്ത ഫ്രീ കിക്കിലൂടെയാണ് മയാമിയുടെ ജയം. കളി തുടങ്ങി എട്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കിയാണ് പോർട്ടോ ആദ്യം മുന്നിലെത്തിയത്. സാമു അഗെഹോവയാണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിലാണ് പോർട്ടോ ഉയർത്തിയ പ്രതിരോധപ്പൂട്ട് പൊളിക്കാൻ മെസ്സിക്കും കൂട്ടർക്കുമായത്. 47-ാം മിനിറ്റിൽ മാർസെലോ വെയ്ഗാൻഡ് നൽകിയ അസിസ്റ്റിൽ നിന്ന് ടെലാസ്കോ സെഗോവിയയാണ് ഇൻ്റർ മയാമിയുടെ ആദ്യ ഗോൾ നേടിയത്.

ഈ സമയം മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിലെ കാണികൾ "മെസ്സി.. മെസ്സി.. മെസ്സി.." എന്ന് ആർത്തുവിളിച്ചുകൊണ്ടിരുന്നു.

കളിയുടെ രണ്ടാം പകുതിയിലാണ് മത്സരത്തിൻ്റെ ഗതി നിർണയിച്ച മെസ്സി മാജിക് പിറന്നത്. കരിയറിലെ 68ാമത് ഫ്രീ കിക്ക് ഗോളാണ് ലയണൽ മെസ്സി നേടിയത്.

പെനാൽറ്റി ഏരിയയ്ക്ക് തൊട്ടുപുറത്ത് റോഡ്രിഗോ മോറ മെസ്സിയെ ഫൗൾ ചെയ്തു വീഴ്ത്തിയപ്പോഴാണ് മയാമിക്ക് നിർണായകമായ ഫ്രീ കിക്ക് ലഭിച്ചത്. ഈ സമയം മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിലെ കാണികൾ "മെസ്സി.. മെസ്സി.. മെസ്സി.." എന്ന് ആർത്തുവിളിച്ചുകൊണ്ടിരുന്നു. 54-ാം മിനിറ്റിൽ മെസ്സിയുടെ ഇടത് കാൽ കൊണ്ടുള്ള കർവിങ് ഷോട്ട് ഗോൾകീപ്പർ ക്ലോഡിയോ റാമോസിനെ നിസ്സഹായനാക്കി പോർട്ടോയുടെ വല കുലുക്കി.

SCROLL FOR NEXT