Source: X/ FIFA World Cup
FOOTBALL

ഫുട്ബോൾ ലോകകപ്പ് ഇനി എല്ലാ വർഷവും കാണാം; നിർണായക തീരുമാനമെടുത്ത് ഫിഫ!

ഫിഫയുടെ പുതിയ വാർഷിക ഫോർമാറ്റിന് കീഴിൽ നടന്ന ആദ്യത്തെ അണ്ടർ 17 ലോകകപ്പായിരുന്നു ഇത്തവണത്തേത്.

Author : ന്യൂസ് ഡെസ്ക്

ദോഹ: അണ്ടർ 17 ഫിഫ ലോകകപ്പിൻ്റെ 20ാം എഡിഷനാണ് ഖത്തറിൽ ഇപ്പോൾ സമാപിച്ചത്. നിലവിൽ ഓരോ രണ്ടു വർഷം കൂടുമ്പോഴും നടക്കുന്ന ലോകകപ്പ്, ഇനി എല്ലാ വർഷവും നടത്താനാണ് ഫിഫയുടെ തീരുമാനം. 2025ന് പുറമെ 2026, 2027, 2028, 2029 എന്നീ വർഷങ്ങളിൽ കൂടി ലോകകപ്പ് നടത്താനാണ് ഫിഫയുടെ തീരുമാനം.

2029 വരെ ഖത്തർ തന്നെയാകും അണ്ടർ 17 ലോകപ്പിന് ആതിഥേയരാകുക. ഫിഫയുടെ ദീർഘകാല യൂത്ത് ഫുട്ബോൾ വിപുലീകരണ തന്ത്രത്തിൻ്റെ ഭാഗമായാണ് ഈ തീരുമാനം. ഫിഫയുടെ പുതിയ വാർഷിക ഫോർമാറ്റിന് കീഴിൽ നടന്ന ആദ്യത്തെ അണ്ടർ 17 ലോകകപ്പായിരുന്നു ഇത്തവണത്തേത്.

ചരിത്രത്തിലെ ആദ്യത്തെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് കിരീടമാണ് പോർച്ചുഗീസ് യുവനിര നേടിയത്. നിർണായകമായ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പട ഓസ്ട്രിയയെ തകർത്തത്. ഓസ്ട്രിയൻ മുന്നേറ്റങ്ങളോടെയാണ് ഫൈനൽ പോരാട്ടം തുടങ്ങിയത്. മത്സരത്തിൻ്റെ 32ാം മിനിറ്റിൽ അനിസ്യോ കബ്രാൽ നേടിയ ഗോളാണ് അവരെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. ഏഴ് ഗോളുകളുമായി കബ്രാൽ ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.

81ാം മിനിറ്റിൽ ഓസ്ട്രിയൻ താരത്തിൻ്റെ തകർപ്പനൊരു ഹെഡ്ഡറും പോർച്ചുഗീസ് ഗോൾ പോസ്റ്റിൻ്റെ മുകളിലൂടെ തൊട്ടുരുമ്മി അകന്നുപോയി. 85ാം മിനിറ്റിൽ ഓസ്ട്രിയൻ സബ്‌സ്റ്റിറ്റ്യൂട്ട് താരത്തിൻ്റെ നിലംപറ്റിയുള്ള ഷോട്ട് പോർച്ചുഗീസ് ഗോൾപോസ്റ്റിൻ്റെ ഇടത്തേ മൂലയിൽ തട്ടിത്തെറിച്ചിരുന്നു. ലോകകപ്പിൽ ഓസ്ട്രിയയുടെ ജോഹന്നാസ് മോസർ ആറ് ഗോളുകളുമായി ഗോൾഡൻ ബോൾ ജേതാവായി.

SCROLL FOR NEXT