ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ കൊടുമുടിയിലേക്ക് കടക്കുമ്പോൾ, ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരങ്ങൾക്കും നിർണായക പ്രാധാന്യമാണുള്ളത്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന പുതിയ ഫോർമാറ്റിൽ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് പുറമെ, മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ട് യോഗ്യത ലഭിക്കും. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ ടീമുകൾക്ക് ഒരേ പോയിന്റ് ലഭിച്ചാൽ നോക്കൗട്ട് യോഗ്യത എങ്ങനെ തീരുമാനിക്കും?
ഗ്രൂപ്പിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ രണ്ടോ അതിലധികമോ ടീമുകൾക്ക് ഒരേ പോയിന്റാണെങ്കിൽ ഫിഫ ആദ്യം പരിഗണിക്കുന്നത് ഗോൾ വ്യത്യാസമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ആകെ നേടിയ ഗോളുകളിൽ നിന്ന് വഴങ്ങിയ ഗോളുകൾ കുറയ്ക്കുമ്പോൾ ലഭിക്കുന്ന സംഖ്യയാണിത്. ഗോൾ വ്യത്യാസവും തുല്യമാണെങ്കിൽ, ഗ്രൂപ്പ് ഘട്ടത്തിൽ ആകെ നേടിയ ഗോളുകളുടെ എണ്ണം പരിഗണിക്കും. കൂടുതൽ ഗോളുകൾ അടിച്ച ടീമിന് ഇതിലൂടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിക്കും.
മുകളിൽ പറഞ്ഞ ഈ അടിസ്ഥാന മാനദണ്ഡങ്ങൾ പരിശോധിച്ചിട്ടും ടീമുകൾ ഒപ്പത്തിനൊപ്പമാണെങ്കിൽ, പിന്നീട് പരിഗണിക്കുന്നത് അവർ തമ്മിൽ നേർക്കുനേർ നടന്ന മത്സരത്തിന്റെ ഫലമായിരിക്കും. പോയിന്റ് നിലയിൽ തുല്യത പാലിക്കുന്ന ടീമുകൾ തമ്മിൽ നടന്ന മത്സരത്തിലെ പോയിന്റ്, ഗോൾ വ്യത്യാസം, നേടിയ ഗോളുകൾ എന്നിവ ഈ ഘട്ടത്തിൽ പരിശോധിക്കും. ഇതെല്ലാം തുല്യമായി വന്നാൽ ഫിഫയുടെ ഫെയർ പ്ലേ നിയമം അനുസരിച്ചാകും അന്തിമ തീരുമാനം എടുക്കുക. കളിക്കാർക്ക് ലഭിച്ച മഞ്ഞ, ചുവപ്പ് കാർഡുകളുടെ എണ്ണം അടിസ്ഥാനമാക്കി നെഗറ്റീവ് പോയിന്റുകൾ നൽകിയാണ് ഫെയർ പ്ലേ പോയിന്റ് നിർണയിക്കുന്നത്. ഈ ഘട്ടത്തിലും ടീമുകൾ തുല്യത പാലിക്കുകയാണെങ്കിൽ, അവസാന മാർഗ്ഗമെന്ന നിലയിൽ ഫിഫ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും.
പുതിയ ലോകകപ്പ് ഫോർമാറ്റിലെ മറ്റൊരു പ്രധാന ആകർഷണം മികച്ച മൂന്നാം സ്ഥാനക്കാരുടെ നോക്കൗട്ട് പ്രവേശനമാണ്. ആകെയുള്ള 12 ഗ്രൂപ്പുകളിൽ നിന്നായി ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കാണ് റൗണ്ട് ഓഫ് 32-ലേക്ക് പ്രവേശനം ലഭിക്കുക. ഈ മികച്ച എട്ട് ടീമുകളെ കണ്ടെത്താനും ഇതേ ടൈബ്രേക്കർ നിയമങ്ങൾ തന്നെയാണ് ഫിഫ ഉപയോഗിക്കുന്നത്. എല്ലാ ഗ്രൂപ്പുകളിലെയും മൂന്നാം സ്ഥാനക്കാരുടെ പോയിന്റ്, ഗോൾ വ്യത്യാസം, നേടിയ ഗോളുകൾ, ഫെയർ പ്ലേ റെക്കോർഡ് എന്നിവ താരതമ്യം ചെയ്താണ് ഈ ടീമുകളെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ കളിക്കളത്തിൽ നേടുന്ന ഓരോ ഗോളും, എന്തിനു പറയുന്നു റഫറി നൽകുന്ന ഓരോ കാർഡുകൾ പോലും ടീമുകളുടെ മുന്നോട്ടുള്ള പ്രയാണത്തെ നിർണ്ണായകമായി സ്വാധീനിക്കും.