FOOTBALL

ദി സ്പെഷ്യൽ വൺ ഈസ് ബാക്ക്..! മൗറീഞ്ഞോ റയൽ മാഡ്രിഡിൽ തിരിച്ചെത്തുന്നു?

മൗറീഞ്ഞോ ഈ വർഷം തന്നെ റയലിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് സൂചന

Author : ലിൻ്റു ഗീത

വെൽകം ബാക്ക് ഹോസെ.... സാൻ്റിയാഗോ ബെർണബ്യു നിങ്ങളെ കാത്തിരിക്കുന്നു... നീണ്ട 13 വർഷത്തിന് ശേഷം ഹോസെ മൗറീഞ്ഞോ റയൽ മാഡ്രിഡിൻ്റെ പരിശീലകനായി വീണ്ടും എത്തുമെന്ന വാർത്തകളാണ് ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കുന്നത്. നിലവിലെ ടീം മാനേജരായ അൽവാരോ അർബലോവയ്ക്ക് പകരക്കാരനായി ക്ലബ് പ്രസിഡൻ്റ് ഫ്ലോറൻ്റീനോ പെരസ് കണ്ടുവച്ചിരിക്കുന്നത് ഹോസെ മൗറീഞ്ഞോയെ ആണെന്നാണ് റിപ്പോർട്ടുകൾ. മൗറീഞ്ഞോ ഈ വർഷം തന്നെ റയലിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.

തുടർച്ചയായ രണ്ട് സീസണുകളിൽ പ്രധാന ട്രോഫികളൊന്നും നേടാൻ റയലിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിലവിലെ അവസ്ഥയിൽ നിന്ന് റയലിനെ പിടിച്ചുകയറ്റാൻ യോജിച്ച പരിശീലകൻ മൗറീഞ്ഞോയാണ് എന്നാണ് പെരസ് വിശ്വസിക്കുന്നത്. നിലവിലെ സീസണിൽ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റതും... ലാ ലിഗയിൽ ബാഴ്‌സലോണയുമായുള്ള പോയൻ്റ് വ്യത്യാസം 11 ആയി ഉയർന്നതുമെല്ലാം ക്ലബ്ബിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ.

2010 മെയ് 28നാണ് മൗറീഞ്ഞോ ആദ്യമായി റയൽ മാഡ്രിഡിൻ്റെ മാനേജരായി എത്തുന്നത്. ബാഴ്‌സലോണയുടെ ആഭ്യന്തര, യൂറോപ്യൻ ആധിപത്യത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റയൽ മൗറീഞ്ഞോയെ അന്ന് സാൻ്റിയാഗോ ബെർണബ്യുവിലെത്തിച്ചത്. 2010-11 ആദ്യ സീസണിൽ തന്നെ മൗറീഞ്ഞോ ക്ലബ്ബിനെ കോപ്പ ഡെൽ റേ ജേതാക്കളാക്കി. 18 വർഷങ്ങൾക്ക് ശേഷമായിരുന്നു റയൽ അന്ന് കോപ്പ ഡെൽ റേ കിരീടമുയർത്തിയത്.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്കും ടീം മുന്നേറി. 2011-12 സീസണിൽ 100 പോയന്റുകൾ നേടി റയലിന് ലാലിഗ കിരീട വിജയവും നേടിക്കൊടുത്തത് മൗറീഞ്ഞോ ആണ്. തുടർച്ചയായി മൂന്ന് വർഷം ടീമിനെ ചാംപ്യൻസ് ലീഗ് സെമി ഫൈനലിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ടീം ക്യാപ്റ്റൻ ഐക്കൽ കസീയസുമായുള്ള ആഭ്യന്തര തർക്കങ്ങളും.. ട്രോഫികളില്ലാത്ത അവസാന സീസണും കാരണം 2013ലാണ് മൗറീഞ്ഞോ ക്ലബ് വിട്ടത്.

നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിലാണ് മൗറീഞ്ഞോ. ബെൻഫിക്കയുമായുള്ള കരാർ പ്രകാരം അദ്ദേഹത്തിന് മൂന്ന് മില്യൺ യുറോയുടെ റിലീസ് ക്ലോസ് മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ടീമിലെത്തിക്കുന്നത് റയൽ മാഡ്രിഡിന് സാമ്പത്തികമായി അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അദ്ദേഹത്തിൻ്റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും മൗറീഞ്ഞോ എന്ന പേര് ഉണ്ടാക്കുന്ന ആവേശം ചെറുതല്ല.

SCROLL FOR NEXT