ലയണൽ മെസി 
FOOTBALL

മെസ്സി നവംബർ 15ന് കേരളത്തിൽ, എതിരാളികൾ ഓസ്ട്രേലിയ; അർജൻ്റീന പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും

ഉച്ചയ്ക്ക് ശേഷമാകും കലൂർ സ്റ്റേഡിയം സന്ദർശിക്കുക എന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി നവംബർ 15ന് കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. നവംബർ 18 വരെ അർജൻ്റീന ടീം കൊച്ചിയിൽ ഉണ്ടാകും. കലൂർ സ്റ്റേഡിയം സന്ദർശിക്കാൻ ടീം പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് ശേഷമാകും കലൂർ സ്റ്റേഡിയം സന്ദർശിക്കുമെന്നാണ് വിവരം. കൊച്ചിയിലെ സൗഹൃദ മത്സരങ്ങളിൽ ഓസ്ട്രേലിയാണ് അർജൻ്റീനയുടെ എതിരാളി. വിഷയത്തിൽ ഓസ്ട്രേലിയൻ ഫുട്ബോൾ അസോസിയേഷനുമായി ധാരണയിൽ എത്തിയതായാണ് വിവരം. ഫിഫ റാങ്കിങ്ങിൽ 25-ാം സ്ഥാനത്താണ് ഓസ്ട്രേലിയ.

മെസിയും ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമും നടത്തുന്ന കേരള സന്ദര്‍ശനത്തില്‍ കൊച്ചി ഔദ്യോഗിക വേദിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നവംബര്‍ 18 വരെ നിശ്ചയിച്ചിരിക്കുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായ രണ്ടു സൗഹൃദ മത്സരങ്ങള്‍ക്ക് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം വേദിയാകുക. ഇക്കാര്യത്തില്‍ പ്രാഥമിക തീരുമാനം കൈക്കൊണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെ ഔദ്യോഗിക വേദിയാക്കാന്‍ ആണ് നേരത്തെ തീരുമാനം ഉണ്ടായിരുന്നത്. എന്നാല്‍ യാത്രാ-താമസ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൊച്ചിയാണ് അനുയോജ്യമെന്ന വിലയിരുത്തലാണ് പുതിയ തീരുമാനത്തിന് പിന്നില്‍.

ക്രിക്കറ്റ് സ്റ്റേഡിയം എന്ന നിലയിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ രൂപകല്‍പന. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു ഫുട്‌ബോള്‍ മത്സരത്തിനായി സ്റ്റേഡിയത്തെ ഒരുക്കുക എന്നതും വെല്ലുവിളിയാണ്. ഇതോടെയാണ് ഐഎസ്എല്‍ മത്സരങ്ങള്‍ പതിവായി നടക്കുന്ന കൊച്ചിയിലേക്ക് ചര്‍ച്ചകള്‍ മാറിയത്. മത്സരങ്ങള്‍ക്കായി കൊച്ചി സ്റ്റേഡിയത്തെ ജിസിഡിഎയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സജ്ജമാക്കാനാണ് ധാരണ.

SCROLL FOR NEXT