ലയണൽ മെസി Source: Leo Messi 🔟 Fan Club
FOOTBALL

കാൽപ്പന്തിൻ്റെ മിശിഹയ്ക്ക് ഇന്ന് 38-ാം പിറന്നാൾ; ആശംസകളുമായി ആരാധകർ

2026ലെ ലോകകപ്പിന് മെസി ഉണ്ടാകുമോയെന്ന ചോദ്യത്തിനാണ് ആരാധകർക്ക് ഇനി ഉത്തരം കിട്ടേണ്ടത്.

Author : ന്യൂസ് ഡെസ്ക്

ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസിക്ക് ഇന്ന് മുപ്പത്തിയെട്ടാം പിറന്നാൾ. സമൂഹ മാധ്യമങ്ങളിൽ സൂപ്പർ താരത്തിന് ആരാധകരുടെ പിറന്നാൾ ആശംസങ്ങളാൽ നിറയുകയാണ്. ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് അവർക്ക് ജൂൺ 24 തിരുപ്പിറവി ദിനമാണ്.

ഹോർമോൺ കുറവ് തളർത്തിയ ബാല്യത്തിൽ നിന്ന് പൊരുതി കയറിയുള്ള യാത്ര മെസിക്ക് അത്ര എളുപ്പമായിരുന്നില്ല.1987 ജൂൺ 24 നായിരുന്നു അർജന്റീനയിലെ റൊസാരിയോയിൽ മെസി ജനിച്ചത്. റൊസാരിയോ തെരുവിലൂടെ മായജാലങ്ങൾ ഇടങ്കാലിലൊളിപ്പിച്ച് പന്തുമായി കൊച്ചു മെസ്സിയങ്ങനെ ഓട്ടമാരംഭിച്ചപ്പോൾ അർജൻ്റീനയും കൂടെ ഓടാൻ തുടങ്ങുകയായിരുന്നു.

ബാർസിലോണയ്ക്കായി മെസി നേടിയത് 672 ഗോളുകളാണ്. ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന വിശേഷണം മെസിക്ക് ഇങ്ങനെ ചാർത്തിക്കിട്ടി. കൂടാതെ ബാർസയുടെ ചരിത്രത്തിൽ 778 മത്സരങ്ങളിൽ കളിച്ചതിനാൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമായും മെസി അറിയപ്പെടുന്നു.

2012ൽ ബാർസിലോണയ്ക്കും അർജന്റീനയ്ക്കുമായി മെസി നേടിയത് 91 ഗോളുകളാണ്. ഇത് ഗിന്നസ് റെക്കോർഡ് നേട്ടത്തിലേക്കാണ് മെസിയെ എത്തിച്ചത്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമാണ് ആരാധകരുടെ സ്വന്തം മിശിഹ.

എല്ലാം പൂർണമായെന്ന് കരുതുമ്പോഴും അടങ്ങാത്ത അലകടലാണ് ഓരോ മെസി ആരാധകനിലും നിഴലിച്ച് നിൽക്കുന്നത്. ഇനിയും എത്ര നാൾ കൂടി കാൽപന്താരാധകരെ ആനന്ദിപ്പിച്ച് അയാളങ്ങനെ മൈതാനത്ത് നിറഞ്ഞ നിൽക്കുമെന്നത് ആരാധകരുടെ മനസിലെ പ്രധാന ആശങ്കയാണ്. 2026ലെ ലോകകപ്പിന് മെസി ഉണ്ടാകുമോയെന്ന ചോദ്യത്തിനാണ് ആരാധകർക്ക് ഇനി ഉത്തരം കിട്ടേണ്ടത്.

കാണികൾ ഒരു കടലായി ഇരമ്പുന്ന ക്യാംപ് നൗവിലെ ഗാലറിയെ സാക്ഷിനിർത്തി, കാൽപ്പന്തിൻ്റെ ഇനിയും വരാനിരിക്കുന്ന സംവത്സരങ്ങളിലേക്ക് തൻ്റെ ഇതിഹാസ ചരിതം ഓർത്തുവെക്കാൻ മെസി ഒരിക്കൽ കൂടി ബൂട്ടണിയണം.

മഴവില്ലഴകിൽ വിരിയുന്ന എണ്ണം പറഞ്ഞ ഫ്രീ കിക്കുകളിൽ ഒന്ന്, അല്ലെങ്കിൽ ഒരു ഒലീവ് ഇല കാറ്റിൽ വീഴുന്നതുപോലെ എതിരാളികളുടെ കാൽചുവടുകൾക്കിടയിലൂടെ ഒഴുകി ഗോൾപോസ്റ്റിൻ്റെ കോണിലാവസാനിക്കുന്ന ഒരു ഇടങ്കാലൻ സ്ട്രൈക്ക്. അവസാന നിമിഷം വിസിൽ മുഴങ്ങുമ്പോൾ ആയിരക്കണക്കിന് കണ്ഠങ്ങൾ ലിയോ എന്നാർത്തലയ്ക്കുന്ന ശബ്ദത്തിനിടയിൽ ശാന്തനായി ഒരു മടക്കം. ഇതൊന്നുമാത്രമായിരിക്കും സ്വപ്നങ്ങളിൽ ലിയോ ബാക്കി വെക്കുന്നത്.

SCROLL FOR NEXT