പിഎസ്‌ജി ടീം യുവേഫ ചാംപ്യൻസ് ലീഗ് കിരീടവുമായി X/ UEFA Champions League
FOOTBALL

മ്യൂണിക്കിൽ ഫ്രഞ്ച് വിപ്ലവം; യൂറോപ്പിൻ്റെ ജേതാക്കളായി എൻറിക്വെയുടെ പിഎസ്‌ജി

പന്ത്രണ്ടാം മിനിറ്റിൽ ഡിഫൻഡർ അഷ്‌റഫ് ഹക്കിമിയിലൂടെയാണ് പിഎസ്‌ജി അക്കൌണ്ട് തുറന്നത്.

Author : ന്യൂസ് ഡെസ്ക്

അനന്തമായ കാത്തിരിപ്പിൻ്റെ വിരസതയവസാനിപ്പിച്ച് ചാംപ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട് പിഎസ്‌ജി. ഇൻ്റർ മിലാനെ അഞ്ച് ഗോളുകൾക്ക് തകർത്ത് ആധികാരിക ജയം. ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഫൈനൽ പോരാട്ടം. അലയൻസ് അറീനയിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി പാരീസ് സെയ്ൻ്റ് ജർമൻ ക്ലബ് അവരുടെ ആദ്യ ചാംപ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടു.

മറുപടിയില്ലാത്ത അഞ്ച് ഗോളുകളാണ് ഇൻ്റർ മിലാനെതിരെ ഫ്രഞ്ച് ക്ലബ് തൊടുത്തത്. പന്ത്രണ്ടാം മിനിറ്റിൽ അഷ്‌റഫ് ഹക്കിമിയിലൂടെ പിഎസ്‌ജിയുടെ മുന്നേറ്റം. ചരിത്രയാത്രയ്ക്ക് തന്റെ സംഭാവനയെന്തെന്ന് പിൽക്കാലത്ത് ആരാധകർക്ക് പാടിപുകഴ്ത്താൻ മിന്നും പ്രകടനമാണ് യുവതാരം ഡെസിറെ ഡുയെ കാഴ്ചവെച്ചത്.

20ാം മിനിട്ടിലും 63ാം മിനുട്ടിലും ഗോൾനേട്ടം. ഇരട്ട ഗോൾനേട്ടത്തോടൊപ്പം ഗാരത് ബെയിലിന് ശേഷം ചാംപ്യൻസ് ലീഗിൽ ഫൈനൽ മത്സരത്തിൽ ഒന്നിലധികം ഗോൾ നേടുന്ന താരമെന്ന നേട്ടവും താരം സ്വന്തം പേരിലെഴുതി. ചാംപ്യൻസ് ലീഗ് ഫൈനലിൽ സ്കോർ ചെയ്യുകയും അസിസ്റ്റ് ചെയ്യുകയും ചെയ്യുന്ന പ്രായം കുറഞ്ഞ താരം എന്ന ഖ്യാതിയും ഡുയെ സ്വന്തമാക്കി.

73ാം മിനുട്ടിൽ ഖ്വിച്ച ക്വർസഖേലിയും 87ാം മിനുട്ടിൽ മയുളുവും ലക്ഷ്യം കണ്ടതോടെ പിഎസ്‌ജിയുടെ ഗോൾവേട്ട പൂർണം. വേഗതയും കൃത്യതയും ആയുധമാക്കി പിഎസ്‌ജി നടത്തിയ വേട്ടയിൽ ഒരു മറുപടി ഗോൾ പോലുമില്ലാതെ ഇൻ്റർ മിലാൻ നിലംപരിശായി. പിഎസ്‌ജിയുടെ വിജയം ആഘോഷമാക്കുകയാണ് ആരാധകർ, കിരീട നേട്ടത്തിന് പിന്നാലെ ഈഫൽ ടവറിൽ സന്തോഷ സൂചകമായി നീലയും ചുവപ്പും ലൈറ്റുകൾ തെളിയിച്ചു.

SCROLL FOR NEXT