Source: Screengrab
FOOTBALL

അനിശ്ചിതത്വം ഒഴിഞ്ഞു; നാളത്തെ കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ജിസിഡിഎ അനുമതി

നാളത്തെ മത്സരത്തിൻ്റെ വാടക അടച്ചെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു...

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൻ്റെ 2026 (ഐഎസ്എല്‍) സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിന് ജിസിഡിഎയുടെ അനുമതി. കേരളാ ബ്ലാസ്റ്റേഴ്‌സുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സ്റ്റേഡിയം വിട്ട് നൽകാൻ ജിസിഡിഎ തീരുമാനിച്ചത്. കുടിശിക തുക നൽകുന്നതുമായി ബന്ധപ്പെട്ട് ചർച്ച പിന്നീട് നടക്കും. നാളത്തെ മത്സരത്തിന്റെ വാടക അടച്ചെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം നടക്കാനിരിക്കെ കൊച്ചിയിൽ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്‌സ് ഓഫീസ് പൂട്ടിയ ജിസിഡിഎ, പ്രതിനിധികളെ പുറത്താക്കുകയും ചെയ്‌തിരുന്നു. പ്രശ്നങ്ങൾ ഉയർന്നതിനെ തുടർന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിന് മുൻപ് നിശ്ചയിച്ചിരുന്ന പത്രസമ്മേളനം സ്റ്റേഡിയത്തിൽ നടത്താനും അനുവദിച്ചില്ല. മീഡിയ റൂം പൂട്ടിയതിനാൽ പരിശീലകനും താരങ്ങളും എത്തിയിട്ടും പരിപാടി ഓൺലൈനിലേക്ക് മാറ്റേണ്ടി വരികയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സ്റ്റേഡിയം വാടക ഉയർത്താനുള്ള ജിസിഡിഎയുടെ നീക്കം. രണ്ട് ലക്ഷമെന്നത് 4.20 ലക്ഷമായാണ് വർധിപ്പിച്ചത്. നേരത്തെ കോഴിക്കോട് നടത്താൻ നിശ്ചയിച്ച മത്സരം കൊച്ചിയിൽ നടത്താൻ തീരുമാനിച്ചത് വാടക കുറയ്ക്കുമെന്ന ജിസിഡിഎയുടെ വാക്കിൻ്റെ അടിസ്ഥാനത്തിലായിരുന്നു. നേരത്തെ രണ്ട് ലക്ഷം നൽകിയാൽ മതി എന്നായിരുന്നു അറിയിച്ചത്. എന്നാൽ, നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുക ജിസിഡിഎ ഇമെയില്‍ മുഖേന ആവശ്യപ്പെടുകയായിരുന്നു.

നാളെ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയാണ് കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു.

SCROLL FOR NEXT