ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ വരവിന് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം. സാൾട്ട് ലേക്കിലെ സന്ദർശനം 10 മിനുട്ടിൽ അവസാനിപ്പിച്ച് മെസ്സി മടങ്ങിയതിന് പിന്നാലെ സ്റ്റേഡിയം ആരാധകർ അടിച്ചു തകർത്തു. സൂപ്പർ താരത്തെ ഒന്നു കാണാൻ പോലും കഴിയാത്തതിലുള്ള അമർഷമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ഗ്യാലറിയുണ്ടായിരുന്നവർ സ്റ്റേഡിയത്തിലേക്ക് കുപ്പികൾ വലിച്ചെറിയുകയും സീറ്റുകൾ നശിപ്പിക്കുകയും ചെയ്തു. 11.15 ഓടെ സ്റ്റേഡിയത്തിലേക്കെത്തിയ മെസ്സി 10 മിനിറ്റു കൊണ്ട് പരിപാടി അവസാനിപ്പിച്ച തിരികെ പോവുകയായിരുന്നു. സംഘർഷത്തെ തുടർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനും, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയ്ക്കും, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും സ്റ്റേഡിയത്തിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല.
ഒരു ടിക്കറ്റിന് 5000 രൂപ മുതൽ 25000 രൂപ വരെയാണ് മെസ്സിയെ കാണാനായി സംഘാടകർ ആരാധകരുടെ കൈയിൽ നിന്ന് ഈടാക്കിയിരുന്നത്. സ്റ്റേഡിയത്തിലെത്തുന്ന മെസ്സി ആരാധകരുമായി സംവദിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ മെസ്സി പെട്ടെന്ന് മടങ്ങിയത് ആരാധകരെ പ്രകോപിതരാക്കുകയായിരുന്നു.
സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ മെസ്സിയോടും ആരാധകരോടും മാപ്പ് പറയുന്നതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. സംഭവത്തിൽ ബംഗാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.