ഡൽഹി: കാഫാ നേഷൻസ് കപ്പിൽ ഇന്ത്യ മൂന്നാമത്. പ്ലേ ഓഫിൽ ഫിഫ റാങ്കിങ്ങിൽ 79ാം സ്ഥാനക്കാരായ ഒമാനെയാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് അട്ടിമറിച്ചത്. നിലവിൽ ലോക ഫുട്ബോളിൽ ഇന്ത്യയുടെ റാങ്കിങ് 133ാം സ്ഥാനത്താണെന്നിരിക്കെ ആണ് ഈ ചരിത്ര ജയം നേടാനായത്. ടൂർണമെൻ്റിൽ ഇന്ത്യൻ കോച്ച് ഖാലിദ് ജമീലിന് കീഴിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ ജയമാണിത്. ഖാലിദിന് കീഴിൽ രണ്ട് ജയം, ഒരു സമനില, ഒരു തോൽവി എന്നിങ്ങനെയാണ് ഇന്ത്യയുടെ സമ്പാദ്യം.
നിർണായകമായ പ്ലേ ഓഫിൽ നിശ്ചിത സമയവും അധിക സമയവും പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നായിരുന്നു ഇന്ത്യൻ വിജയം.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. എങ്കിലും ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ 54 സ്ഥാനങ്ങൾ മുന്നിലുള്ള ഒമാനെ വിറപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. രണ്ടാം പകുതിയുടെ 54-ാം മിനിറ്റിൽ ഇന്ത്യൻ പ്രതിരോധപ്പിഴവ് മുതലെടുത്ത് ഒമാൻ ലീഡെടുത്തു. അൽ യഹ്മദിയാണ് ഗോളടിച്ചത്.
81ാം മിനിറ്റിൽ ഇന്ത്യ സമനില ഗോൾ കണ്ടെത്തി. രാഹുൽ ബെക്കെയുടെ ഷോട്ട് ഹെഡ്ഡറിലൂടെ ഉദാന്ത സിങ് വലയിലെത്തിച്ചു. പിന്നാലെ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോളുമായി സമനില പാലിച്ചു. പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യക്കായി രാഹുൽ ബെക്കെ, ലാലിയന്‍സുവാല ചങ്‌തെ, ജിതിൻ എം.എസ് എന്നിവർ ഗോൾ നേടി.