കാനഡ: യു.എസ് ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിൽ ഇറാൻ ഫുട്ബോൾ ടീം പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച് ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റീനോ. വ്യാഴാഴ്ച വാൻകൂവറിൽ നടന്ന പ്രത്യേക യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരിയിൽ പശ്ചിമേഷ്യയിൽ ആരംഭിച്ച യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ്റെ ലോകകപ്പ് സാധ്യതകൾ തുലാസിലായിരുന്നു. പിന്നീട് ഇറാനെ ഒഴിവാക്കി ഇറ്റലിയെ കൊണ്ടുവരാൻ യുഎസിൻ്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായെങ്കിലും, ഇറ്റലി ഫുട്ബോൾ ടീം ഈ നിർദേശം തള്ളിയിരുന്നു.
പടിഞ്ഞാറൻ കാനഡയിൽ നടന്ന ഫിഫയുടെ 76ാമത് കോൺഗ്രസ് യോഗത്തിലെ പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. "തുടക്കം മുതൽ തന്നെ ഞാൻ പറയട്ടെ, തീർച്ചയായും 2026 ഫിഫ ലോകകപ്പിൽ ഇറാൻ കളിക്കും. തീർച്ചയായും ഇറാൻ യുഎസിൽ കളിക്കും," ഇൻഫാൻ്റീനോ പറഞ്ഞു.
ചടങ്ങിൽ കൂടെയുണ്ടായിരുന്നു യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇതിനോട് യോജിപ്പ് അറിയിച്ചു. ഫിഫ പ്രസിഡൻ്റ് ജിയാനി അങ്ങനെ പറഞ്ഞെങ്കിൽ എനിക്ക് വിയോജിപ്പില്ലെന്നും ട്രംപ് പറഞ്ഞു.