FOOTBALL

ഗോവയേയും കുത്തിമലർത്തി കൊമ്പന്മാർ; അപരാജിത കുതിപ്പ് തുടരുന്നു

എന്നാൽ 80ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡുയർത്തി.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: അവസാന ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ച് നടന്ന ആവേശപ്പോരിൽ എഫ്.സി. ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കൊമ്പന്മാരുടെ ജയക്കുതിപ്പ്. ഇതോടെ അവസാനം നടന്ന ആറ് മാച്ചുകളിലും അപരാജിത കുതിപ്പ് തുടരുകയാണ് ബ്ലാസ്റ്റേഴ്സ്.

മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ 47ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഇടതു വിങ്ങർ കെവിൻ യോക്കിൻ്റെ മിന്നൽപ്പിണർ റണ്ണും തുടർന്നുള്ള മനോഹരമായ കേർവ് ഷോട്ടുമായിരുന്നു മാച്ചിനെ ഉണർത്തിയത്. അതുവരെ ആലസ്യത്തിലാണ്ട കലൂർ സ്റ്റേഡിയം ഈ അതിമനോഹര ഗോളോടെ ഉണർന്നു. പിന്നാലെ 61ാം മിനിറ്റിൽ ഗോവയുടെ മറുപടി ഗോളുമെത്തി. മുഹമ്മദ് നെവിലിലൂടെയാണ് ഗോവ ഗോൾ മടക്കിയത്.

എന്നാൽ 80ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡുയർത്തി. വലതു കോർണറിൽ നിന്നും ഫ്രാഞ്ചോ എടുത്ത മനോഹരമായ കോർണർ കിക്ക് പ്രതിരോധിക്കുന്നതിൽ സന്ദേശ് ജിംഗൻ പരാജയപ്പെട്ടു. പോസ്റ്റിന് മുന്നിൽ തക്കം പാർത്തിരുന്ന ഫാലോ വലതു കാലുകൊണ്ട് പന്ത് വലയിലേക്ക് തട്ടിയിട്ടു. സ്കോർ 2-1. പിന്നീട് മത്സരം സമനിലയിലാക്കാൻ ഗോവ കിണഞ്ഞു ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

13 മാച്ചുകളിൽ നിന്ന് 17 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് ലീഗിൽ എട്ടാം സ്ഥാനത്താണ്. ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ അപരാജിത കുതിപ്പ് നടത്തി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചു.

SCROLL FOR NEXT