ഒരേ വീട്ടില്‍ വളര്‍ന്ന്, ഒരേ മൈതാനത്ത് പന്തുതട്ടി, ഒടുവില്‍ ഫുട്‌ബോളിന്റെ ഏറ്റവും വലിയ വേദികളിലൊന്നിലേക്ക് ഒരുമിച്ച് നടന്നടുക്കുന്നു. ജൂഡ് ബെല്ലിങ്ഹാമും ജോബ് ബെല്ലിങ്ഹാമും. ഇംഗ്ലീഷ് ഫുട്‌ബോളില്‍ പുതിയൊരു ചരിത്രത്തിന് അരികിലാണ് ഈ സഹോദരങ്ങള്‍.
ഇംഗ്ലണ്ട് മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ് ജൂഡ് ബെല്ലിങ്ഹാം. 23-ാം വയസിനുള്ളില്‍ ദേശീയ ടീമിനായി 60 മത്സരങ്ങള്‍. റയല്‍ മാഡ്രിഡിന്റെ പ്രധാന താരങ്ങളിലൊരാള്‍. അനുജന്‍ ജോബ് ബെല്ലിങ്ഹാമാകട്ടെ, 21-ാം വയസില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി മികച്ച പ്രകടനം. ഈ സീസണില്‍ ഇതുവരെ 14 മത്സരങ്ങളില്‍ കളത്തിലിറങ്ങി. ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമിന്റെ നായകനായും തിളങ്ങിയ ജോബിനെ തേടി ഒടുവില്‍ സീനിയര്‍ ടീമിലേക്ക് വിളിയെത്തി.
നവംബറിലെ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കുള്ള 25 അംഗ ഇംഗ്ലണ്ട് ടീമിലാണ് പരിശീലകന്‍ തോമസ് ടുഹേല്‍ ഇരുവരെയും ഉള്‍പ്പെടുത്തിയത്. ജോബ് ബെല്ലിങ്ഹാമിന് ആദ്യമായാണ് ഇംഗ്ലണ്ട് സീനിയര്‍ ടീമിലേക്ക് വിളിയെത്തുന്നത്.
ഇംഗ്ലണ്ട് ടീമിനായി സഹോദരങ്ങള്‍ ഒരുമിച്ച് കളിക്കുന്നത് അപൂര്‍വമാണ്. ഇതുവരെ 21 സഹോദരങ്ങള്‍ ഇംഗ്ലണ്ടിന്റെ സീനിയര്‍ ടീമില്‍ ഇടം നേടിയെങ്കിലും ഒരേ മത്സരത്തില്‍ ഒരുമിച്ച് കളിച്ചിട്ടുള്ളത് രണ്ട് ജോഡികള്‍ മാത്രം.
1966 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ അംഗങ്ങളായ ജാക്ക് ചാള്‍ട്ടണും ബോബി ചാള്‍ട്ടണും. 1996 മുതല്‍ 2007 വരെ ഇംഗ്ലണ്ടിനായി ഒരുമിച്ച് കളിച്ച ഗാരി നെവിലും ഫിലും നെവിലും. ഇവര്‍ക്ക് പിന്നാലെ മൂന്നാമത്തെ സഹോദര ജോഡിയാകാനുള്ള അവസരമാണ് ജൂഡിനും ജോബിനും മുന്നിലുള്ളത്.
ഫുട്‌ബോള്‍ കുടുംബമാണ് ബെല്ലിങ്ഹാമിന്റേത്. പിതാവ് മാര്‍ക്ക് ബെല്ലിങ്ഹാം നോണ്‍ ലീഗ് ഫുട്‌ബോളില്‍ 700-ലേറെ ഗോളുകള്‍ നേടിയ താരം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് വെറ്ററന്‍സ് ഓവര്‍-50 ടീമിനായി അരങ്ങേറ്റം കുറിച്ച മാര്‍ക്ക്, ആദ്യ മത്സരത്തില്‍ തന്നെ ഏഴ് ഗോളുകള്‍ നേടി.
ബര്‍മിങ്ഹാം സിറ്റിയുടെ അക്കാദമിയിലും ഡോര്‍ട്ട്മുണ്ടിലും കളിച്ച ശേഷമാണ് ഇരുവരും ഇംഗ്ലണ്ട് ടീമിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ജൂഡും ജോബും ഒരുമിച്ച് കളിച്ചാല്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയൊരു ചരിത്രവുമാകും.