കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള സീസണ്‍ രണ്ടിലെ കണ്ണൂര്‍ വാരിയേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. പയ്യാമ്പലം ബീച്ചില്‍ നടന്ന പരിപാടിയില്‍ സെലിബ്രിറ്റി ഓണര്‍ ആസിഫ് അലി, ടീം ഉടമകള്‍, കമന്റെറ്റര്‍ ഷൈജു ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് ടീമിന്റെ ഹോം മത്സരങ്ങള്‍ നടക്കുക.
ആദ്യ സീസണില്‍ സെമിയില്‍ വീണുപോയിടത്ത് നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കണം, പോരാടണം, കപ്പടിച്ചു തിരിച്ചു വരണം. സ്പാനിഷ് പരിശീലകന്‍ മാനുവല്‍ സാഞ്ചസിനും ടീമിനും ഇനി ഈ ഒരൊറ്റ ലക്ഷ്യം മാത്രം. ആറ് വിദേശ താരങ്ങള്‍ ഉള്‍പ്പെടെയാണ് വാറിയേഴ്സിന്റെ കണ്ണൂര്‍ സ്‌ക്വാഡ്.
കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ച് ഹോം മത്സരങ്ങളിലും സ്ത്രീകള്‍ക്കും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് കണ്ണൂര്‍ വാരിയേര്‍സ് ചെയര്‍മാന്‍ ഡോ. എം പി ഹസ്സന്‍ കുഞ്ഞി ചടങ്ങില്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ വാരിയേഴ്സ് കളിക്കുന്നത് ജയിക്കാന്‍ മാത്രമാണെന്ന് സെലിബ്രിറ്റി ഓണര്‍ ആസിഫ് അലി പറഞ്ഞു.
ടീമിന്റെ ഹോം, എവേ മത്സരങ്ങളുടെ ജേഴ്‌സികള്‍ കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ പുറത്തിറക്കി. താരങ്ങളും, ചുവപ്പും വെളുപ്പും നിറങ്ങളില്‍ ജേഴ്‌സികളും, ആവേശമുയര്‍ത്താന്‍ റെഡ് മറിനേഴ്‌സ് എന്ന ആരാധകക്കൂട്ടവും റെഡി. ഇനി കണ്ണൂരിന്റെ പോരാളികള്‍ ഫുട്ബോളിന്റെ യുദ്ധ ഭൂമിയിലേക്ക്.. ഒരുമിച്ച് പാടാം, വരിക, ജയിക്ക, വാഴ്ക...