FOOTBALL

27ാം പിറന്നാളിന് 59ാം ഗോള്‍; പ്രിയതാരത്തിനൊപ്പം റെക്കോര്‍ഡ് പങ്കിട്ട് എംബാപ്പെ

27ാം ജന്മദിനത്തിനാണ് എംബാപ്പെയുടെ റെക്കോർഡ് നേട്ടം

Author : ന്യൂസ് ഡെസ്ക്

റയല്‍ മാഡ്രിഡ് ക്ലബില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തി കിലിയന്‍ എംബാപ്പെ. ക്ലബ്ബിനായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റൊക്കോര്‍ഡിലാണ് എംബപ്പെ റോണോക്കൊപ്പമെത്തിയത്. 2013ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയത് 59 ഗോളുകളാണ്. സെവില്ലെക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് എംബപ്പെ ഈ നേട്ടത്തിലെത്തിയത്.

മത്സരത്തില്‍ സിവില്ലെയെ 2-0 ന് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം എത്താന്‍ കഴിഞ്ഞത് ഏറ്റവും വലിയ ബഹുമതിയാണെന്ന് മത്സര ശേഷം എംബാപ്പെ പ്രതികരിച്ചു. 'എന്റെ റോള്‍ മോഡലാണ് അദ്ദേഹം. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരവും. ലോകോത്തര താരമായ അദ്ദേഹത്തെ പോലെ ചെയ്യാന്‍ കഴിഞ്ഞത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ്'. എംബാപ്പെയുടെ വാക്കുകള്‍.

തന്റെ 27ാം ജന്മദിനത്തിനാണ് ആരാധ്യാപുരുഷനൊപ്പം റെക്കോര്‍ഡ് പങ്കിടാന്‍ എംബാപ്പെയ്ക്ക് അവസരം ലഭിച്ചത്. സെവില്ലെക്കെതിരായ മത്സരത്തില്‍ പെനാല്‍റ്റിയിലൂടെയാണ് എംബാപ്പെ തന്റെ 59-ാം ഗോള്‍ നേടിയത്.

റെക്കോര്‍ഡ് ഗോള്‍ നേട്ടത്തിനു ശേഷം പ്രസിദ്ധമായ 'Siu' സെലിബ്രേഷന്‍ അനുകരിച്ചു കൊണ്ട് എംബാപ്പെ ക്രിസ്റ്റ്യാനോയ്ക്ക് ആദരം അര്‍പ്പിച്ചു.

ഈ സീസണില്‍ മാത്രം നാല് ഹാട്രിക്കുകളാണ് എംബാപ്പെ നേടിയത്. പന്ത്രണ്ട് അസിസ്റ്റുകളും ചെയ്തു. ക്രിസ്റ്റ്യാനോയ്ക്ക് ശേഷം റയലിനായി ആദ്യ 20 മത്സരങ്ങളില്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന താരവും എംബാപ്പെയാണ്.

ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ മാത്രം എംബാപ്പെ 8 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇത് റയലിന്റെ ചരിത്രത്തിലെ മികച്ച തുടക്കങ്ങളിലൊന്നാണ്. ഈ സീസണില്‍ ലാ ലിഗയിലെ ഏറ്റവും വേഗതയേറിയ താരവും എംബാപ്പെയാണ്.

SCROLL FOR NEXT