പ്രായം കൂടും തോറും വീര്യം കൂടുന്നുവെന്ന് കേട്ടിട്ടേ ഉള്ളുവെങ്കില്‍ ക്ലബ് ലോകകപ്പ് അതിന്റെ ഉത്തമ ഉദാഹരണമാണ്. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ കഴിയുമ്പോൾ അത് തെളിയിക്കുന്ന പ്രകടനങ്ങളാണ് ഇതിഹാസങ്ങൾ കാഴ്ചവയ്ക്കുന്നത്.
മേജർ ക്ലബ്ബുകൾ വിട്ടെങ്കിലും ക്ലബ് ലോകകപ്പിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് ഇതിഹാസങ്ങൾ. യൂറോപ്പിൽ നിന്ന് യുഎസിലേക്ക് ചേക്കേറിയ മെസിയും, സുവാരസും , ഒപ്പം പ്രധാന ക്ലബ്ബുകളിൽ നിന്ന് മാറി സഞ്ചരിക്കുന്ന റാമോസും ഡി മരിയയും. 48 മത്സരങ്ങൾ പൂർത്തിയായപ്പോൾ യുവ താരങ്ങളുമായി കിടപിടിക്കുന്ന പ്രകടനങ്ങളിലൂടെ ഇതുവരെ ഇതിഹാസങ്ങൾ നേടിയത് അഞ്ച് പ്ലേയർ ദി ഓഫ് മാച്ച് പുരസ്‌കാരങ്ങളാണ്.
തങ്ങളുടെ പ്രായമൊന്നും ഒരു വിഷയമേയല്ലെന്ന തരത്തിലുള്ള പ്രകടങ്ങളാണ് താരങ്ങൾ കളിക്കളത്തിൽ കാഴ്ചവയ്ക്കുന്നത്. ഇതിൽ പ്രധാനിയാണ് 38 വയസുള്ള അർജന്റൈൻ നായകൻ ലയണൽ മെസി. എഫ്‌സി പോർട്ടോയ്‌ക്കെതിരെ സുന്ദരമായ ഒരു ഫ്രീകിക്കിലൂടെയാണ് മെസി ഇന്റർ മയാമിയെ ജയത്തിലേക്കെത്തിച്ചത്. ആ നിർണായക ഗോളോടെ മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരവും സൂപ്പർ താരം നേടി.
ഗോൾ വേട്ടക്കാരിൽ കൗമാര താരങ്ങളെ പിന്നിലാക്കി ബെൻഫിക്കയെ സ്വന്തം ചുമലിലേറ്റുകയാണ് 37കാരൻ ഏഞ്ചല്‍ ഡി മരിയ. ക്ലബ് ലോകകപ്പിൽ താരം ഇതുവരെ നേടിയത് മൂന്ന് ഗോളുകളാണ്. ഇതിൽ ഓക്ക്‌ലൻഡ് സിറ്റിക്കെതിരെ രണ്ടു ഗോളുകൾ നേടി കളിയിലെ താരവുമായി.
ഹെഡറിൽ പേരുകേട്ട സ്പാനിഷ് താരം സെർജിയോ റാമോസിന്റെ കളിമികവിന് 39-ാം വയസിലും ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്റർ മിലാനെതിരെയുള്ള പ്രകടനം. 25-ാം മിനുറ്റിൽ ടീമിനെ മുന്നിലെത്തിച്ച താരം മത്സരത്തിൽ പ്രതിരോധ കോട്ട തീർത്ത് ഇന്ററിനെ സമനിലയിൽ തളച്ചു.
മെസിക്ക് പിന്നാലെ യുഎസിലേക്ക് ചേക്കേറിയ 38കാരൻ ലൂയി സുവാരസിന്റെ പ്രകടനവും മോശമല്ല. ടൂർണമെന്റിൽ താരം നേടിയത് ഒരു ഗോളും ഒരു അസിസ്റ്റും. നിർണായക മത്സരത്തിൽ ഗോൾ നേടി ടീമിനെ സമനിലയിലെത്തിച്ച് നോക്കൗട്ടിലേക്ക് എത്തിക്കുകയും ചെയ്തു.
38-ാം വയസിലും മയാമിയുടെ വിശ്വസ്ത കാവൽക്കാരനാണ് അർജന്റൈൻ താരം ഓസ്കാർ ഉസ്താരി. ആദ്യ മത്സരത്തിൽ സൗദി ക്ലബ് അൽ അഹ്ലിയുടെ തീപാറുന്ന ഷോട്ടുകൾ തടുത്തിട്ട് നോക്കൗട്ടിലേക്കുള്ള വഴി തുറന്നത് ഗോള്‍വലയ്ക്ക് മുന്നില്‍ എന്നും വിശ്വസ്തനായ ഈ ഗോൾ കീപ്പറാണ്.
ഇവർക്ക് പുറമെ റയൽ മാഡ്രിഡിന്റെ ലൂക്ക മോഡ്രിച്ചും ഫ്ലുമിനെൻസിനായി പ്രതിരോധ നിരയെ നയിക്കുന്ന തിയാഗോ സിൽവും ഒപ്പം 44-ാം വയസിലും ഫ്ലുമിനെൻസിന്റെ വല കാത്ത് റെക്കോർഡുകള്‍ കൈപ്പിടിയിലൊതുക്കുന്ന ഫാബിയോയും മൈതാനത്ത് വിസ്മയങ്ങൾ തീർത്ത് ക്ലബ് ലോകകപ്പിന്റെ കളം നിറയുകയാണ്. യുവതാരങ്ങൾ കണ്ട് പഠിക്കേണ്ട മാസ്റ്റർക്ലാസുകളുമായാണ് ഒരോ തവണയും ഇവർ ബൂട്ടണിയുന്നത്.