കൊച്ചി: ഇന്ത്യന്‍ സന്ദര്‍ശനം സ്ഥിരീകരിച്ച് ലയണല്‍ മെസി. ഡിസംബര്‍ 13 ന് മെസി ഇന്ത്യയിലെത്തും. ഫുട്‌ബോള്‍ പ്രേമികളുടെ രാജ്യത്തേക്ക് വീണ്ടും വരാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് മെസി പറഞ്ഞു. 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അര്‍ജന്റീനന്‍ താരം ഇന്ത്യയിലെത്തുന്നത്.
ഇന്ത്യയില്‍ മൂന്ന് നഗരങ്ങളിലാണ് മെസിയുടെ സന്ദര്‍ശനം. ഡിസംബര്‍ 12 ന് കൊല്‍ക്കത്തിയിലാണ് തുടക്കം. ഇവിടെ നിന്ന് മുംബൈയിലും തുടർന്ന് ഡല്‍ഹിയും സന്ദര്‍ശനം നടത്തും. അഹഹമ്മദാബാദിലും മെസി എത്തുമെന്ന് സൂചനയുണ്ട്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഔദ്യോഗിക അറിയിപ്പിലൂടെയാണ് ഇന്ത്യന്‍ സന്ദര്‍ശനം മെസി സ്ഥിരീകരിച്ചത്. ഇന്ത്യ വളരെ പ്രത്യേകതയുള്ള രാജ്യമാണെന്നും പതിനാല് വര്‍ഷം മുമ്പ് വന്നപ്പോഴുള്ള നല്ല ഓര്‍മകള്‍ ഇപ്പോഴും മനസിലുണ്ടെന്നും താരം പറഞ്ഞു.
വീണ്ടും ഇന്ത്യയിലേക്ക് വരാനാകുന്നത് വലിയ ബഹുമതിയാണ്. ഇവിടെയുള്ള ആരാധകരും അതിശയിപ്പിക്കുന്നതാണ്. ഫുട്‌ബോളിനെ പ്രണയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ കളിയോടുള്ള സ്‌നേഹം പങ്കിടുന്നതിനൊപ്പം പുതിയ തലമുറയിലെ ആരാധകരെ കാണാനും ആഗ്രഹിക്കുന്നുവെന്നും ഔദ്യോഗിക പ്രസ്താവനയില്‍ മെസി പറഞ്ഞു.
ഡിസംബര്‍ 13 മുതല്‍ ഡിസംബര്‍ 15 വരെയാണ് മെസിയുടെ ഇന്ത്യന്‍ സന്ദര്‍ശനം. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഡിസംബര്‍ 15ന് നടക്കും. ഡിസംബര്‍ 13ന് ഈഡന്‍ ഗാര്‍ഡനിലെ സ്വീകരണത്തിന് ശേഷം 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യും.
ഡിസംബര്‍ 14ന് മുംബൈ വാങ്കഡെയില്‍ ഗോട്ട് കണ്‍സേര്‍ട്ടിലും പങ്കെടുക്കും. ഡിസംബര്‍ 15ന് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും മെസിയുടെ സാന്നിധ്യം ഉണ്ടാകും.
2011 സെപ്റ്റംബര്‍ 2 നായിരുന്നു ഇതിനു മുമ്പ് മെസി ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും വെനസ്വേലയും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ മെസി കളിച്ചു. ഈ മത്സരത്തില്‍ ആദ്യമായി അര്‍ജന്റീനയുടെ ക്യാപ്റ്റനായിരുന്നു മെസി. മത്സരത്തില്‍ അര്‍ജന്റീന 1-0 ന് വിജയിച്ചു.