മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്സൻ ടീം വിടുമ്പോൾ ക്ലബ്ബിൻ്റെ ഇതിഹാസ താരങ്ങളിൽ ഒരാൾ കൂടിയാണ് പടിയിറങ്ങുന്നത്. പെപ് ഗ്വാർഡിയോളയുടെ വിശ്വസ്ത കാവൽക്കാരൻ്റെ പുതിയ തട്ടകം തുർക്കിഷ് ക്ലബ്ബ് ഫെനർബാഷെ ആണ്. പുതിയ ടീമിലും എഡേഴ്സൻ മാജിക്ക് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
മാഞ്ചസ്റ്റർ സിറ്റിയെ യൂറോപ്യൻ ഫുട്ബോളിൻ്റെ തലപ്പത്തേക്ക് പെപ് ഗ്വാർഡിയോള കൈപിടിച്ചുയർത്തിയപ്പോൾ അതിൻ്റെ കാവൽക്കാരനായിരുന്നു ബ്രസീലിയൻ താരം എഡേഴ്സൻ. ഗ്വാർഡിയോള പോലൊരു പരിശീലകൻ്റെ ടീമിലെ വിശ്വസ്തനായി 8 വർഷത്തോളം തുടരുകയെന്നത് പലർക്കും സാധിക്കാത്ത ഒന്നാണ്. എന്നാൽ കഴിഞ്ഞ സീസൺ വരെ സിറ്റിക്ക് ഒരിക്കൽ പോലും ഗോൾകീപ്പിംഗിലേക്ക് ആശങ്കയോടെ നോക്കേണ്ടി വന്നില്ല.
പെപ്പിൻ്റെ ടീമിലെ ഗോൾകീപ്പർക്ക് പോലും കളിയിൽ വ്യക്തമായ റോളുണ്ട്. ഗോൾ മുഖത്തേക്ക് വരുന്ന പന്തിനെ തടയുക മാത്രമല്ല സഹതാരങ്ങൾക്ക് പന്ത് കൃത്യമായി നൽകുകയും വേണം. അത് കൃത്യമായി നിർവഹിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് എഡേഴ്സൻ്റെ വിജയം. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ് നൽകിയ ഗോൾകീപ്പർ എഡേഴ്സനാണ്. സെർജിയോ അഗ്യൂറോക്ക് നൽകിയ ആ ലോങ് മാജിക് ബോൾ പിന്നീട് ഹാളണ്ടിനായും ഗുണ്ടോഗനായും നൽകുന്നത് കണ്ടു.
എതിർ ടീമിൻ്റെ ബോക്സിലേക്കോടുന്ന താരത്തിന് അളന്ന് മുറിച്ച് എഡേഴ്സൻ നൽകുന്ന പാസ് പലപ്പോഴും ഒരു വിസ്മയമായിരുന്നു. സിറ്റി ആരാധകരുടെ പതിറ്റാണ്ടുകളായുള്ള ചാമ്പ്യൻസ് ലീഗ് സ്വപ്നം പൂവണിഞ്ഞതിന് പിന്നിലും എഡേഴ്സൻ്റെ കരസ്പർശമുണ്ട്. ഫൈനലിൽ ഇൻ്ററിനെതിരെ നടത്തിയ നിർണായകമായ രണ്ട് സേവുകൾ ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അക്കാൻജിയുടെ പിഴവിൽ നിന്ന് ഇൻ്റർ നായകൻ ലൗതാരോ മാർട്ടിനസിന് പന്ത് കിട്ടുമ്പോൾ എഡേഴ്സൻ മാത്രമേ മുമ്പിലുണ്ടായിരുന്നുള്ളൂ. പെപ് ഗ്വാർഡിയോള പോലും കളി കൈവിട്ടെന്ന് കരുതിയ നിമിഷം.
എന്നാൽ എഡേഴ്സൻ്റെ കൃത്യമായ ഇടപെടലിൽ പന്ത് തടയാനായി. ഒടുവിൽ മത്സരത്തിൻ്റെ അവസാന നിമിഷം ലുക്കാക്കുവിൻ്റെ ബുള്ളറ്റ് ഹെഡറും എഡേഴ്സൻ തടുത്തു. ഈ രണ്ട് സേവിലായിരുന്നു സിറ്റി കിരീടം ഉറപ്പിച്ചത്. ഇങ്ങനെ സിറ്റിക്കായി ഒരുപിടി നല്ല ഓർമകൾ സമ്മാനിച്ചാണ് എഡേഴ്സൻ ക്ലബ്ബ് വിടുന്നത്. 2017 ൽ ടീമിലെത്തിയ താരം സിറ്റിക്കായി 372 മത്സരത്തിൽ കളിച്ചു. പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്ന് വർഷം ഗോൾഡൻ ഗൗവും സ്വന്തമാക്കിയിട്ടുണ്ട്.