FOOTBALL

പത്രം നിറയെ മെസി...; വാര്‍ത്തകളില്‍ നിറഞ്ഞ് കായിക സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്

ചട്ടങ്ങള്‍ മറികടന്ന് തീരുമാനമെടുത്തത് അന്നത്തെ മുഖ്യമന്ത്രിയും കായികമന്ത്രിയും ആണെന്നു കൂടി പറയുന്നുണ്ട് മനോരമ

Author : ന്യൂസ് ഡെസ്ക്

അര്‍ജന്റീന താരം ലയണൽ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്ന പേരിൽ നടന്നത് വന്‍ തട്ടിപ്പാണെന്ന കായിക സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് ഇന്നത്തെ പ്രധാനപ്പെട്ട മലയാളം ദിനപത്രങ്ങളുടെയെല്ലാം മുഖ്യ വാര്‍ത്ത. മുൻ കായിക മന്ത്രി അബ്ദുറഹിമാൻ്റെയും സ്പോൺസറുടെയും നടപടികളിലെ ക്രമക്കേടുകളെ അക്കമിട്ടാണ് പത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

മെസിയുടെ പേരില്‍ തട്ടിപ്പ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, ഇതാണാ രേഖ, ലഘുരേഖ എന്ന തലക്കെട്ടിലാണ് മനോരമ വാര്‍ത്ത അവതരിപ്പിച്ചിരിക്കുന്നത്. ചട്ടങ്ങള്‍ മറികടന്ന് തീരുമാനമെടുത്തത് അന്നത്തെ മുഖ്യമന്ത്രിയും കായികമന്ത്രിയും ആണെന്നു കൂടി പറയുന്നുണ്ട് മനോരമ. അതേസമയം, മെസിയുടെ പേരില്‍ ഇവിടെ നടന്നത് കള്ളക്കളി എന്നാണ് മാതൃഭൂമിയുടെ തലക്കെട്ട്. ഇഡി, വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശയെന്ന അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ട്. കായിക മന്ത്രി ഒ.ജെ. ജനീഷ്, മുന്‍ മന്ത്രി അബ്ദുറഹിമാന്‍, മെസിയെ കൊണ്ടുവരുന്നതിന്റെ സ്പോണ്‍സര്‍ ആയിരുന്ന ആന്റോ അഗസ്റ്റിന്‍ എന്നിവരുടെ പ്രതികരണം ഉള്‍പ്പെടെയാണ് മാതൃഭൂമിയുടെ വാര്‍ത്ത.

വീക്ഷണത്തില്‍ മാംഗോ, മുട്ടില്‍, മെസി... മൊത്തം തട്ടിപ്പ് എന്ന തലക്കെട്ടിലാണ് വാര്‍ത്ത അവതരിപ്പിച്ചിരിക്കുന്നത്. മെസിയെ വച്ച് ക(ബ)ളിപ്പിച്ചു എന്ന സബ് ഹെഡില്‍ മുന്‍ മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും പങ്കുണ്ടെന്ന ആരോപണവും പത്രം ആവര്‍ത്തിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉന്നതതല അന്വേഷണം ആവശ്യപ്പെടുന്നുണ്ട് എന്നിങ്ങനെ വിവരങ്ങളും ഉള്‍പ്പെടുന്നു.

ചന്ദ്രിക ദിനപത്രത്തില്‍ പിണറായി സര്‍ക്കാരിന്റെ മെസി തട്ടിപ്പ് എന്ന സ്ട്രിപ്പില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പുറത്ത് എന്ന രീതിയിലാണ് വാര്‍ത്തയുള്ളത്. എഎഫ്എ ഔദ്യോഗികമായി ക്ഷണിച്ചതിന്റെ രേഖയില്ല, ഖജനാവിന് സാമ്പത്തികനഷ്ടം വരുത്തിയായിരുന്നു കായികമന്ത്രിയുടെ സ്പെയിന്‍ യാത്ര, സ്പോണ്‍സര്‍ക്ക് സമന്‍സ് അയച്ച് നികുതി വകുപ്പ്, ഗുരുതരമായ കണ്ടെത്തലുകള്‍; വിപുലമായ അന്വേഷണം വേണമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് എന്നിങ്ങനെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ചന്ദ്രികയുടെ വാര്‍ത്ത.

SCROLL FOR NEXT