FOOTBALL

മെസിയുടെ പേരില്‍ നടന്നത് 126 കോടിയുടെ കള്ളപ്പണ ഇടപാട്; അന്വേഷണം വേണമെന്ന് മുഹമ്മദ് ഷിയാസ്

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഷിയാസ്

Author : ന്യൂസ് ഡെസ്ക്

ലയണല്‍ മെസിയുടെ പേരില്‍ കേരളത്തില്‍ നടന്നത് 126 കോടിയുടെ കള്ളപ്പണ ഇടപാടെന്ന് എറണാകുളം ഡിസിസി പ്രസിഡൻറും എംഎല്‍എയുമായ മുഹമ്മദ് ഷിയാസ്. കള്ളപ്പണ ഇടപാട് രാജ്യദ്രോഹ കുറ്റമാണ്. അത് ഗൗരവത്തിൽ അന്വേഷിക്കണം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഷിയാസ് പറഞ്ഞു.

കായിക പ്രേമികളെയും ജനങ്ങളെയും വിഡ്ഡികളാക്കിയാണ് കളളപ്പണ ഇടപാട് നടന്നതെന്ന് ഷിയാസ് പറഞ്ഞു. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ പേരില്‍ ആകെ നടന്നത് സ്റ്റേഡിയത്തിലെ മരംവെട്ട് മാത്രമാണ്. പൊതുമുതൽ തട്ടിയെടുക്കാൻ ശ്രമിച്ച മരം വെട്ടുകാരൻ അടക്കമുള്ള ബിനാമികളുടെ പേര് ഉടൻ പുറത്തുവരും. വിമർശനം ഉയർന്നപ്പോൾ ജിസിഡിഎ ചെയർമാൻ അടക്കം തയ്യാറാക്കിയ തട്ടിക്കൂട്ട് കരാറാണ് മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയത്. ഈ തട്ടിപ്പ് ചോദ്യം ചെയ്ത തങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കുകയായിരുന്നുവെന്നും ഷിയാസ് പറഞ്ഞു.

മെസിയും അർജന്റീനയും അറിയാതെ കള്ളക്കഥയുണ്ടാക്കിയാണ് വൻ കൊള്ള ആസൂത്രണം ചെയ്തതെന്നും ഷിയാസ് ആരോപിച്ചു. മെസി വരുമെന്ന് പറഞ്ഞ സ്പോൺസറെ ഇപ്പോൾ കാണാനില്ല. കായിക മന്ത്രിയായിരുന്ന അബ്ദുറഹിമാൻ്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കണം. മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് കളളപ്പണം ഇടപാട് നടന്നത് പിണറായി വിജയന്റെ അറിവോടെയാണെന്നും ഷിയാസ് ആരോപിച്ചു.

അതേസമയം, എംഡിഎംഎ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് കെ.എച്ച്. മുഹമ്മദ് ഹുസൈനെ അറിയില്ലെന്നാണ് ഷിയാസിന്റെ പ്രതികരണം. ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല. മുഖ്യമന്ത്രി ഇയാളുടെ വീട്ടില്‍ പോയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, പൊതുപ്രവര്‍ത്തകര്‍ പല സ്ഥലങ്ങളിലും പോകുമ്പോള്‍, പ്രാദേശിക നേതൃത്വത്തിന്റെ താൽപ്പര്യപ്രകാരം പലയിടങ്ങളിലേക്കും പോകാറുണ്ട്. പലരും വന്നു ചേർന്നുനിന്ന് ഫോട്ടോയെടുക്കുകയും, വീഡിയോ എടുക്കുകയും ഒക്കെ ചെയ്യാറുണ്ട്. അതിനുശേഷം അവരൊക്കെ ഓരോ കേസിൽ പെടുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആർക്കാണ് കഴിയുകയെന്നും ഷിയാസ് ചോദിച്ചു.

SCROLL FOR NEXT