ലയണൽ മെസിയുടെ കേരളാ സന്ദർശനത്തിൽ വീണ്ടും അവകാശവാദവുമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കുള്ള സര്‍ക്കാരിന്റെ സമ്മാനമായിരിക്കും മെസ്സിയടങ്ങുന്ന അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനമെന്ന് കായികമന്ത്രി പ്രതികരിച്ചു. ഇപ്പോൾ നടക്കുന്നത് വസ്തുതകള്‍ മനസിലാക്കാത്ത വ്യാജപ്രചാരണങ്ങളെന്നും കായികമന്ത്രി പ്രതികരിച്ചു.
നമ്മുടെ ഫുട്‌ബോള്‍ മേഖലയ്ക്ക് വലിയ പ്രചോദനം നല്‍കാന്‍ മെസിയുടേയും സംഘത്തിന്റേയും സാന്നിധ്യത്തിന് സാധിക്കുമെന്നും കായിമന്ത്രി പ്രതികരിച്ചു. ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ദുരുദ്ദേശത്തോടെയാണ്. കേരളത്തില്‍ വരില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്നും കായികമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലയണൽ മെസിയുടെ കേരളാ സന്ദർശനം മുടങ്ങിയതിൽ കേരള സർക്കാരിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതികരിച്ചിരുന്നു. ടീമുമായുള്ള കരാർ ലംഘിച്ചത് സർക്കാരെന്ന് എഎഫ്എ ചീഫ് കൊമേഷ്യല്‍ ആന്‍ഡ് മാർക്കറ്റിങ് ഓഫീസർ ലിയാൻഡ്രോ പീറ്റേഴ്സണ്‍. സർക്കാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ലെന്നാണ് വിമർശനം. ഒരു സ്പോർട്സ് ലേഖകനുമായി നടന്ന ആശവിനിമയത്തിലാണ് എഎഫ്എ ചീഫ് മാർക്കറ്റിങ് ഓഫീസർ ഇതു സംബന്ധിച്ച വിമർശനങ്ങള്‍ ഉന്നയിച്ചത്.
അതേസമയം, സർക്കാർ കരാർ ഒപ്പിട്ടിട്ടില്ലെന്നായിരുന്നു കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ വിശദീകരണം. കരാർ ഒപ്പിട്ടത് സ്പോൺസരാണ്. പണം നൽകി എന്ന് സ്പോൺസർ വ്യക്തമാക്കിയിട്ടുണ്ടെന്നും കായിക മന്ത്രി അറിയിച്ചു. മെസിയുടെ വരവ് മുടങ്ങിയതില്‍ കായിക വകുപ്പിനും സ്പോണ്‍സർമാർക്കും എതിരെ ട്രോളുകള്‍ നിറയുകയാണ്. പ്രതിപക്ഷവും ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്.