Portugal defeated Armenia in the 2026 World Cup Qualifiers Source: X
FOOTBALL

പോർച്ചുഗൽ ലോകകപ്പിന്; അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്ക്‌ തോൽപ്പിച്ചു

യാവോ നവസും ബ്രൂണോ ഫെർണാണ്ടസും ഹാട്രിക്കുമായി തിളങ്ങി.

Author : ന്യൂസ് ഡെസ്ക്

അർമേനിയയെ തോൽപ്പിച്ച് ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി പോർച്ചുഗൽ. ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്കായിരുന്നു പറങ്കികളുടെ ജയം. പോർച്ചുഗൽ ലോകകപ്പിന് യോഗ്യത നേടിയതോടെ തുടർച്ചയായ ആറാം ലോകകപ്പാണ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ കളിക്കുക.

നിർണായകമായ മത്സരത്തിൽ അർമേനിയയെക്കെതിരെ ഗോൾ മഴ വർഷിച്ചാണ് പോർച്ചുഗൽ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ഒന്നിനെതിരെ ഒൻപത് ഗോളിനായിരുന്നു പോർച്ചുഗലിന്റെ ജയം. യാവോ നവസും ബ്രൂണോ ഫെർണാണ്ടസും ഹാട്രിക്കുമായി തിളങ്ങി. പോർച്ചുഗൽ യോഗ്യത നേടിയതോടെ ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ കളിക്കുന്ന താരമെന്ന റെക്കോർഡും പറങ്കി പടയുടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുകയാണ്.

ചുവപ്പ് കാർഡ് മൂലം സസ്പെന്ഷനിലായതിനാൽ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്. പകരം പി എസ് ജി താരം ഗോൺസാലോ റാമോസ് ആദ്യ ഇലവനിൽ ഇടം പിടിച്ചു. 7ആം മിനുട്ടിൽ മുന്നിലെത്തിയ പോർച്ചുഗലിനെ 18 ആം മിനുട്ടിൽ നേടിയ സമനില ഗോളിൽ അർമേനിയ ഞെട്ടിച്ചു. എന്നാൽ പിന്നീട് പോർച്ചുഗലിന്റെ ഗോൾ വർഷമായിരുന്നു. ജയത്തോടെ 12 പോയിന്റുമായി ഗ്രൂപ്പ്‌ ചാമ്പ്യന്മാരായാണ് ലോകകപ്പിന് യോഗ്യത നേടിയത്.

പോർച്ചുഗൽ യോഗ്യത നേടിയെങ്കിലും ലോകകപ്പ് ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ റൊണാൾഡോക്ക്‌ നഷ്ടമായേക്കും. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച റൊണാൾഡോക്ക് മൂന്ന് മത്സരത്തിലെങ്കിലും പുറത്തിരിക്കേണ്ടി വരും. ലോകകപ്പ് സ്വപ്നം കാണുന്ന പോർച്ചുഗലിന് വലിയ തിരിച്ചടിയാണിത്. എന്നാൽ റൊണാൾഡോ ഇല്ലാതെയും വൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് പോർച്ചുഗൽ.

SCROLL FOR NEXT