FOOTBALL

പഞ്ചാബിനോടും പൊട്ടി; അഞ്ചാം തോൽവിയുടെ നിരാശയിൽ ബ്ലാസ്റ്റേഴ്സ്

പഞ്ചാബ് താരങ്ങൾ കേരളത്തെ സമസ്ഥ മേഖലകളിലും പിന്നിലാക്കുന്ന പ്രകടനമികവാണ് പുറത്തെടുത്തത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ദയനീയ പ്രകടനം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. കരുത്തരായ പഞ്ചാബ് എഫ്‌സിയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ തകർത്തത്. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ പിടിച്ചതിൻ്റെ ആവേശത്തിലാണ് കൊമ്പന്മാർ ഇന്ന് കലൂരിൽ പന്തു തട്ടാനിറങ്ങിയത്. എന്നാൽ കഴിഞ്ഞ മാച്ചിൽ ഗോവയെ സമനിലയിൽ തളച്ചതിൻ്റെ ആവേശത്തിലെത്തിയ പഞ്ചാബ് താരങ്ങൾ കേരളത്തെ സമസ്ഥ മേഖലകളിലും പിന്നിലാക്കുന്ന പ്രകടനമികവാണ് പുറത്തെടുത്തത്.

ആദ്യ പകുതിയുടെ 38 മിനിറ്റിൽ തന്നെ മൂന്ന് ഗോളുകൾക്ക് പിന്നിലായിപ്പോയ ബ്ലാസ്റ്റേഴ്സിന് പിന്നീട് മത്സരത്തിൽ തിരിച്ചുവരാനായില്ല. പഞ്ചാബിനായി സമീർ സെൽജ്‌കോവിച്ച് (7), ബേഡെ അമരാച്ചി ഒസുജി (18), ക്യാപ്റ്റൻ ഡാനിയൽ റാമിറസ് ഫെർണാണ്ടസ് (38) എന്നിവരാണ് ഗോൾ നേടിയത്. കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആശ്വാസ ഗോൾ പിറന്നത് സെനഗൽ ഡിഫൻഡർ ഫലോ എൻഡിയെയുടെ (65) തകർപ്പൻ ഹെഡ്ഡറിലൂടെയായിരുന്നു. എബിൻ നൽകിയ പാസിൽ നിന്നാണ് എൻഡിയെ വായുവിൽ ചാടിയുയർന്ന് പന്ത് പഞ്ചാബിൻ്റെ ഗോൾ കുലുങ്ങിയത്.

14 ടീമുകൾ ഉൾപ്പെട്ട ടൂർണമെൻ്റിൽ ഒരു പോയിൻ്റുമായി 13ാം സ്ഥാനത്താണ് ഡേവിഡ് കറ്റാലയുടെ ടീം. അഞ്ച് മത്സരത്തിൽ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും അടക്കം എട്ട് പോയിൻ്റുള്ള പഞ്ചാബ് അഞ്ചാം സ്ഥാനക്കാരാണ്.

SCROLL FOR NEXT