FOOTBALL

മെസ്സി-യമാൽ പോരാട്ടമില്ല; ഫൈനലിസിമ റദ്ദാക്കി യുവേഫ

ലയണൽ മെസ്സിയും ലാമിനെ യമാലും നേർക്കുനേർ വരുന്ന പോരിനായി കാത്തിരുന്ന ഫുട്ബോൾ ആരാധകർ ഇതോടെ നിരാശരായി.

Author : ന്യൂസ് ഡെസ്ക്

ഖത്തർ: ഇസ്രയേൽ-ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മാർച്ച് 27ന് നടക്കേണ്ടിയിരുന്ന ഫൈനലിസിമ ഫുട്ബോൾ മാച്ച് റദ്ദാക്കി. സംഘർഷം പശ്ചിമേഷ്യയിലേക്ക് വ്യാപിച്ചതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് യുവേഫ അറിയിച്ചു. ലയണൽ മെസ്സിയും ലാമിനെ യമാലും നേർക്കുനേർ വരുന്ന പോരിനായി കാത്തിരുന്ന ഫുട്ബോൾ ആരാധകർ ഇതോടെ നിരാശരായി.

യൂറോ ചാംപ്യന്മാരായ സ്പെയിനും നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയുമാണ് ഫൈനലിസിമ കിരീട പോരിൽ നേർക്കുനേർ വന്നത്. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കേണ്ടിയിരുന്നത്. മത്സരവേദി ഖത്തറിൽ നിന്നും മാറ്റാൻ ഖത്തർ അധികൃതരും യുവേഫയും തമ്മിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ അർജൻ്റീനയുമായി ധാരണയിൽ എത്താൻ കഴിയാതെ വന്നു.

മത്സരം രണ്ട് പാദങ്ങളിലായി നടത്താനുള്ള നീക്കവും അർജൻ്റീന തള്ളി. മത്സരം മാർച്ച് 31ന് നടത്താൻ നീലപ്പട തയ്യാറായെങ്കിലും സ്പെയിനിൻ്റെ ഷെഡ്യൂൾ തിരിച്ചടിയായി. ഒടുവിൽ ഫൈനലിസിമ കിരീട പോര് തന്നെ ഉപേക്ഷിക്കുകയായിരുന്നു.

മെസ്സിയുടെ പിന്‍ഗാമിയാകുമെന്ന് കരുതുന്ന സ്പാനിഷ് യുവതാരമാണ് ലാമിനെ യമാൽ. മെസ്സിയും യമാലും ആദ്യമായി പരസ്പരം പോരടിക്കുന്ന മത്സരമാകും ഇതെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കുഞ്ഞ് യമാലിനെ കൈയ്യിലെടുത്തിരിക്കുന്ന മെസ്സിയുടെ ചിത്രം വൈറലായിരുന്നു.

SCROLL FOR NEXT