മാഡ്രിഡ്: മത്സരത്തിനിടെ എതിർ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച സ്പാനിഷ് ഫുട്ബോൾ താരം ഹെസ്യൂസ് ഡി മിഗ്വേൽ മരണപ്പെട്ടു. ടെനറിഫെയും എഫ്.സി അൻഡോറയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്. കൂട്ടിയിടിച്ചതിനെ തുടർന്ന് മിഗ്വേൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.
30 കാരനായ മിഗ്വേൽ രണ്ടാം ഡിവിഷൻ ക്ലബായ സിഡി ടെനറിഫെക്ക് വേണ്ടിയാണ് ബൂട്ട് കെട്ടിയിരുന്നത്. കൂട്ടിയിടിയെ തുടർന്ന് ഹൃദയാഘാതമുണ്ടായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
നിരവധി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ മിഗ്വേൽ 230 മത്സരങ്ങളിൽ നിന്ന് 65 ഗോളുകൾ നേടിയിട്ടുണ്ട്. എഫ്‌സി അൻഡോറയ്‌ക്കെതിരായ മത്സരത്തിൻ്റെ ഇഞ്ചുറി ടൈമിലെ ഏഴാം മിനിറ്റിലായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. അൻഡോറ ഗോൾകീപ്പർ ജീസസ് ഒവോണോയുമായി മിഗ്വേൽ കൂട്ടിയിടിക്കുകയായിരുന്നു.
മൈതാനത്ത് വെച്ച് തന്നെ മെഡിക്കൽ സംഘം അടിയന്തര പ്രഥമശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. താരത്തിൻ്റെ വേർപാടിൽ സിഡി ടെനറിഫെ ക്ലബ് അനുശോചനം രേഖപ്പെടുത്തി.